ഉള്ള സ്നേഹം മറയില്ലാതെ പുറത്തുകാട്ടാന്‍ കുട്ടികള്‍ക്കും കുട്ടികളേപ്പോലെ നിഷ്കളങ്കരായ ആളുകള്‍ക്കും മാത്രമേ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെയാണ് റിയാലിറ്റി ഷോ അവതാരകരായ പേളി മാണിയും ആദിലും കൃഷ്ണ എന്ന കൊച്ചുമിടുക്കിയും തമ്മില്‍ ഇത്രയും അടുത്തത്. ഇക്കഴിഞ്ഞ ദിവസം പേളി മാണി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും അതോടൊപ്പമുണ്ടായിരുന്ന ഒരു കുറിപ്പുമാണ് കൃഷ്ണയെന്ന മാലാഖയെ ലോകത്തിന് പരിചയപ്പെടുത്തിയത്.
പേളിയുടെ കുറിപ്പ് ഇപ്രകാരമായിരുന്നു. ‘ ഇത് കൃഷ്ണ, എല്ലായ്പ്പോഴും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കണമെന്ന് നമ്മെ കാണിച്ചുതന്നുകൊണ്ടിരിക്കുന്ന ഒരു സൂപ്പര്‍ ഗേള്‍. അവളൊരു ഹീറോയാണ്. ഞങ്ങളെല്ലാം അവളുടെ ആരാധകരും. അവളില്‍ അസാമാന്യമായ ഒരു ശക്തിയുണ്ട്. അതിന്റെ പേരാണ് സ്നേഹം.’
ദുബായ് സ്വദേശികളായ സുജേഷ്ആശാ ദമ്പതികളുടെ മകള്‍ കൃഷ്ണ എന്ന ആ കുട്ടിക്കുറുമ്പിക്കൊപ്പമിരുന്ന് അവളെ സാന്ത്വനിപ്പിക്കുന്ന ആദിലിന്റെയും പേളിയുടെയും വിഡിയോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്. പേളിയും ആദിലും അവതാരകരായെത്തുന്ന റിയാലിറ്റിഷോയുടെ കടുത്ത ആരാധികയാണ് കൃഷ്ണ. ഒരിക്കലെങ്കിലും അവരെയൊക്കെ കാണണമെന്ന് കൃഷ്ണ എപ്പോഴും പറയുമായിരുന്നു. അങ്ങനെ കൃഷ്ണയുടെ അമ്മയാണ് പേളിയെയും ആദിലിനെയുമൊക്കെ സംഗതി അറിയിക്കുന്നത്. പിന്നീട് കൃഷ്ണക്കുട്ടിയോടു സംസാരിക്കാന്‍ പേളിയും ആദിലുമൊക്കെ സമയം കണ്ടെത്തി. ഒടുവില്‍ വിളിച്ചത് ഒരു സര്‍ജറിക്കു വേണ്ടി കൃഷ്ണയെ തയ്യാറെടുപ്പിക്കുന്ന അവസരത്തിലാണ്.
‘സര്ജറിയ്ക്കുവേണ്ടി മുടി വെട്ടാന്‍ തയാറാകാത്ത അവളെ പറഞ്ഞുസമ്മതിപ്പിക്കണം എന്ന കൃഷ്ണയുടെ അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ അവളെ വിളിയ്ക്കുകയും സംസാരിച്ച് സമ്മതിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായിട്ട് ഞങ്ങള്‍ക്ക് അവളുമായി അടുപ്പമുണ്ട്. ഞങ്ങള്‍ക്ക് അവളൊരു മാലാഖക്കുട്ടിയാണ്. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞിരിക്കുന്ന കൃഷ്ണയെ കാണാനാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹത്തോളം വരില്ല മറ്റൊന്നും എന്നതുകൊണ്ടാണിത്. പേളി പറയുന്നു.