തൃശൂർ: ജില്ലയിലെ ഓട്ടോ പെർമിറ്റുകളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം അവസാനഘട്ടത്തിൽ. കടുത്ത നടപടികളുണ്ടായേക്കും. ഇതിനകം മിന്നൽ പരിശോധനകൾ നടത്തി ഉന്നതാധികാരികൾക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തൃശൂർ നേർക്കാഴ്ച്ച സമിതി സെക്രട്ടറി പി.ബി. സതീഷിനു ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇതു വ്യക്തമാക്കുന്നത്. നേരത്തെ ജില്ലയിലെ ഓട്ടോ പെർമിറ്റ് അഴിമതി സംബന്ധിച്ചു ഇദ്ദേഹം നല്കിയ പരാതിയിൽ ജില്ലാ കളക്ടർ അന്വേഷണത്തിനു വിജിലൻസിനു നിർദേശം നല്‍കിയിരുന്നു.
ഒരാളുടെ പേരിൽ മാത്രം മുപ്പതോളം ടൗണ്‍ പെർമിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഈ ഓട്ടോകൾ 400 രൂപ ദിവസ വാടകയ്ക്ക് പ്രതിദിനം 12,000 രൂപയുടെ ലാഭമുണ്ടാക്കുന്നു. ചിലർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിൽ നിരവധി ടിപി, ടിസി 350 രൂപയുടെ പെർമിറ്റ് സ്വന്തമാക്കി സർക്കാരിനെയും കോടതിയെയും കബളിപ്പിക്കുന്നതായി പരാതിയിലുണ്ട്. ഈ രീതിയിൽ ജില്ലയിൽ മാത്രം ഇരുനൂറോളം ഓട്ടോറിക്ഷകൾ ഓടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
ചിലർ പെർമിറ്റുകൾ രണ്ടുലക്ഷം രൂപയ്ക്കു മറിച്ചു വില്‍ക്കുന്നുമുണ്ട്. ഇതിന്റെ വിഹിതം പലരും കൈപ്പറ്റുന്നതിനാലാണ് സാധാരണക്കാരായ ഓട്ടോക്കാർക്ക് പെർമിറ്റ് ലഭിക്കാതിരിക്കാൻ കാരണമെന്നും പരാതിയിലുണ്ട്. ഒരാൾക്ക് എത്ര പെർമിറ്റ് അനുവദിക്കാം എന്നതു മോട്ടോർ വാഹന നിയമത്തിൽ പ്രതിപാദിക്കാത്തതു മുതലെടുത്താണ് അഴിമതി കൊഴുക്കുന്നത്.
വിജിലൻസ് അന്വേഷണം ദ്രുതഗതിയിൽ നീങ്ങുകയാണെന്നു വിജിലൻസ് സമ്മതിക്കുന്പോഴും നിയമത്തിന്റെ നൂലാമാലകളിലൂടെ രക്ഷപ്പെടാനുള്ള തയാറെടുപ്പിലാണ് പെർമിറ്റ് ദുരുപയോഗം ചെയ്യുന്നവർ.