നരവൂരിലെ ഒരു യുവാവിന്റേതായിരുന്നു സ്കൂട്ടർ. ഇയാളുടെ വീട്ടിൽനിന്നു സ്കൂട്ടർ കണ്ടെത്തി. അക്ഷയ് (21) എന്ന സുഹൃത്താണ് ഹോണ്ട ആക്ടീവ സ്കൂട്ടർ വാങ്ങിക്കൊണ്ടുപോയതെന്ന് യുവാവ് പോലീസിനോടു പറഞ്ഞു.
സ്വകാര്യ ആവശ്യത്തിനാണ് വാങ്ങിക്കൊണ്ടു പോയതെന്നായിരുന്നു മൊഴി. ഇതോടെ പോലീസ് അക്ഷയ്നെ തേടിയെത്തി. ചോദ്യം ചെയ്യലിൽ അയാൾക്ക് ഏറെ നേരം പിടിച്ചുനിൽക്കാനായില്ല.
തുടർന്ന് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ മുന ചെന്നെത്തിയത് വെൽകെയർ ഫ്യൂവൽസിന്റെ മുൻ മാനേജരുടെ നേർക്കായിരുന്നു.
ചെറുവാഞ്ചേരി പൂവത്തൂരിലെ പവിത്രം വീട്ടിൽ പ്രകാശ്(27) അങ്ങനെ അറസ്റ്റിലായി. ഇയാളാണ് സ്വരാജിന്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
പ്ലാനിംഗ് നേരത്തെ
കൃത്യമായ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കവർച്ചാ പദ്ധതി നടപ്പിലാക്കിയതെന്നു പോലീസ് പറഞ്ഞു. പ്രകാശ് നേരത്തെ ഈ പെട്രോൾ പമ്പിലെ ജീവനക്കാരനായതിനാൽ പണം ബാങ്കിലടയ്ക്കാൻ കൊണ്ടു പോകുന്ന സമയം കൃത്യമായി അറിയാമായിരുന്നു.
21ന് കവർച്ച നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്. എന്നാൽ, അന്നു സ്വരാജ് പണവുമായി ബാങ്കിൽ എത്താതിരുന്നതു കാരണം പദ്ധതി പാളി.
അതോടെ തിരിച്ചുപോയ പ്രതികൾ 23ന് സുഹൃത്തിന്റെ സ്കൂട്ടർ മറ്റൊരു ആവശ്യത്തിനാണെന്നു പറഞ്ഞു വാങ്ങി കവർച്ച നടത്താൻ ഉപയോഗിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ചെറുവാഞ്ചേരിയിൽനിന്നു കൂത്തുപറമ്പ് ഭാഗത്തേക്ക് പോയ പ്രതികൾ വലിയ വെളിച്ചത്തെത്തി. ഇവിടെയുള്ള കാട്ടിൽ പ്രകാശ് ധരിച്ചിരുന്ന റെയിൻ കോട്ടും പണം കൊണ്ടു വന്ന ബാഗും കത്തിച്ച ശേഷം വീടുകളിലേക്കു മടങ്ങി.
കടബാധ്യതയും കവർച്ചയും
പണം തട്ടിയതു മൾട്ടി ലെവൽ മാർക്കറ്റിംഗ് കാരണം വന്ന നഷ്ടം നികത്താനാണെന്നാണ് ചോദ്യംചെയ്യലിൽ പ്രതികൾ പോലീസിനോടു പറഞ്ഞത്.
വീടും സ്ഥലവും ബാങ്കിൽ പണയപ്പെടുത്തി 10 ലക്ഷം രൂപ വായ്പയെടുത്താണ് പ്രകാശ് മൾട്ടി ലെവൽ മാർക്കറ്റിംഗിൽ പണം നിക്ഷേപിച്ചത്.
എന്നാൽ, പ്രതീക്ഷിച്ച വരുമാനം തിരികെ ലഭിക്കാത്തതു വൻ ബാധ്യതയ്ക്ക് ഇടയാക്കിയെന്നും ഇതാണ് പണം തട്ടിയെടുക്കുന്നതിൽ എത്തിയതെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ തനിക്കു പങ്കില്ലെന്നു വിശ്വസിപ്പിക്കാൻ തന്ത്രപരമായ നീക്കങ്ങളും പ്രകാശൻ നടത്തി.
സംഭവത്തിനു ശേഷം സ്വരാജിന്റെ വീട്ടിലും പ്രകാശൻ എത്തിയിരുന്നു. പണം തട്ടിയെടുത്തവരെ പിടികൂടാൻ ഒപ്പം നിൽക്കാമെന്നും തെറ്റിദ്ധരിപ്പിച്ചു.
വലിയ വെളിച്ചം കാട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു പ്രതികളിൽനിന്നു കണ്ടെടുത്ത പണം. കവർച്ച ചെയ്യപ്പെട്ടവയിൽ 4,65,000 രൂപയോളം പോലീസ് കണ്ടെടുത്തു.
അന്വേഷണത്തെ വഴിതെറ്റിക്കാൻ പ്രതികളുടെ ഭാഗത്തുനിന്ന് ഏറെ ശ്രമമുണ്ടായിട്ടും സമർഥമായ അന്വേഷണമാണ് രണ്ടാഴ്ചയ്ക്കകം പ്രതികളെ കണ്ടെത്താൻ പോലീസിന് ആയത്.
കൂത്തുപറമ്പ് എസിപി സജേഷ് വാഴവളപ്പിൽ, ഇൻസ്പെക്ടർ ശിവൻ ചോടോത്ത്, എസ്ഐ അനീഷ് വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കണ്ണവം എഎസ്ഐ എ.അനീന്ദ്രൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ രഞ്ജിത്ത്, സിപിഒ മാരായ സി.അജിത്ത്, മഹേഷ്, പി.സി.മിഥുൻ,എസിപി യുടെ സ്വകാഡ് അംഗങ്ങളായ എഎസ്ഐ പി.മനീഷ്, സിപിഒ കെ.ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
(അവസാനിച്ചു).