തിരുവനന്തപുരം: കേന്ദ്രത്തിന്റേത് നികുതി ഭീകരതയെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ. യുപിഎയുടെ കാലത്ത് പെട്രോൾ വിലക്കയറ്റത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്ത ബിജെപി ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണെന്ന് ഹസ്സൻ കുറ്റപ്പെടുത്തി.
പെട്രോൾ, ഡീസൽ വില വർധനവ് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള നൽകിയ മറുപടിയെക്കുറിച്ചുള്ള പ്രതികരണമായാണ് ഹസ്സൻ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനം ആരെങ്കിലും കാര്യമായി എടുക്കുമൊ എന്നായിരുന്നു ശ്രീധരൻ പിള്ള പ്രതികരിച്ചിരുന്നത്.
ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലാത്ത വിലക്കയറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് ഹസ്സൻ കുറ്റപ്പെടുത്തി. പെട്രോൾ ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തി വിലവർധനവ് കുറയ്ക്കണമെന്ന് ഹസ്സൻ ആവശ്യപ്പെട്ടു. കേന്ദ്രം എക്സൈസ് നികുതി കൂട്ടുന്നത് ശരിയല്ല. 9 തവണ എക്സൈസ് നികുതി കൂട്ടിയെന്നും ഹസ്സൻ ആരോപിച്ചു.