പേരൂര്‍ക്കട: തെളിവെടുപ്പിനിടെ പ്രതി രാജേന്ദ്രൻ പോലീസിനോട് ആകെ സംസാരിച്ചത് ഫിനാന്‍സ് സ്ഥാപനം കാട്ടിക്കൊടുക്കാന്‍ .
ഇത് ആദ്യ കൊലപാതകമൊന്നുമല്ലെങ്കിലും പ്രതി രാജേന്ദ്രനെ കണ്ടാല്‍ പേടിച്ച് മിണ്ടാട്ടമില്ലാതെ ഇരിക്കുന്നതായി തോന്നും.
ചോദ്യങ്ങള്‍ ചോദിച്ച് വായിലെ വെള്ളം വറ്റിയാലും പോലീസുകാര്‍ക്ക് ഉത്തരം ലഭിക്കില്ല. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്ന് തിരിച്ച സംഘം മൂന്നരമണിക്കൂര്‍ കൊണ്ട് തൊണ്ടിമുതല്‍ പണയംവച്ച സ്ഥാപനത്തിലെത്തിയെങ്കില് തിരികെ വന്നത് ഒന്നരമണിക്കൂര്‍ മാത്രം എടുത്ത്.
എല്ലാത്തിനും ഒരു സ്പീഡ് വേണ്ടിവന്നത് പ്രതിയുടെ പെരുമാറ്റമാണ്. സ്വര്‍ണം പണയംവച്ചത് എവിടെയെന്ന് പറയാന്‍ മാത്രമാണ് പ്രതി ഇന്നലെ വായതുറന്ന് സംസാരിച്ചത്. ബാക്കിയെല്ലാം ആംഗ്യങ്ങളായിരുന്നു !
നിരവധി കൊലപാതകങ്ങള്‍ നടത്തിയ ഇയാള്‍ക്ക് തമിഴ്നാട്ടില്‍ സ്വന്തമായി അഡ്വക്കേറ്റ് വരെയുണ്ടെന്നാണ് പോലീസ് പറയുന്നത്.
തമിഴ്നാട്ടില്‍ നാലും കേരളത്തില്‍ ഒന്നും കൊലപാതകം ചെയ്ത ഇയാള്‍ യാതൊരു ഭാവദേവുമില്ലാതെയാണ് അന്വേഷണത്തെ നേരിടുന്നത്.
മിണ്ടാട്ടമില്ലാതെ പോലീസിനെ കുഴക്കുന്ന പ്രതി ഇനി പ്രധാന തെളിവെടുപ്പ് നടക്കുന്ന അമ്പലമുക്കിലെ അഗ്രി ക്ലിനിക്കില്‍ എങ്ങനെ പെരുമാറുമെന്നാണ് ഇനി കണ്ടറിയേണ്ടത് .
അമ്പലമുക്കിലെ കൊലപാതകം! സ്വർണാഭരണം കണ്ടെടുത്തു
പേരൂർക്കട: അമ്പലമുക്കിൽ ചെടിവിൽപ്പനശാല ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാജേന്ദ്രനുമായി പോലീസ് കന്യാകുമാരിയിൽ തെളിവെടുപ്പ് നടത്തി.
പ്രതി മോഷ്ടിച്ച സ്വർണാഭരണം കണ്ടെടുത്തു. കന്യാകുമാരി കാവൽ കിണർ അഞ്ചുഗ്രാമം ബസ്സ്റ്റാൻഡിന് സമീപത്തു പ്രവർത്തിക്കുന്ന ഭാരത് ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നും വിനീതയുടെ സ്വർണാഭരണം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനിയായ വിനീതയെ പ്രതി രാജേന്ദ്രൻ കുത്തിക്കൊലപ്പെടുത്തിയത്.
നാലു പവൻ സ്വർണാഭരണം മോഷ്ടിച്ചശേഷം തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് ബസിലാണ് കന്യാകുമാരിയിലെത്തിയതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
സ്വർണം പണയംവച്ച വകയിൽ 95,000 രൂപലഭിച്ചെന്നും കസ്റ്റഡിയിലാകുമ്പോൾ ഇയാളുടെ കൈവശം 50,000 രൂപ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്വർണപ്പണയത്തിലൂടെ ലഭിച്ച തുകയുമായി പ്രതി വീണ്ടും പേരൂർക്കടയിലുള്ള ഹോട്ടലിൽ എത്തിയിരുന്നതായി പോലീസ് സിസിടിവി ദ്യശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു.
സ്വർണം പണയം വച്ച സ്ഥാപനത്തിലെ മാനേജർ പ്രതിയെ തിരിച്ചറിഞ്ഞു.ഇയാൾ ആദ്യമായിട്ടാണ് സ്വർണാഭരണവുമായി സ്ഥാപനത്തിൽ എത്തുന്നതെന്നാണ് ജീവനക്കാർ പോലീസിനോടു പറഞ്ഞു.
ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അത് ഓഫ്ചെയ്ത നിലയിലായിരുന്നു.
ഇന്നലെ പുലർച്ചെ അഞ്ചിനാണ് പേരൂർക്കട സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി തമിഴ്നാട്ടിലേക്ക് യാത്രതിരിച്ചത്.
വിശദമായ തെളിവെടുപ്പിനുശേഷം വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.