നടവയൽ: നരസിപ്പുഴക്കരയിലെ പേരൂർ കോളനിയിലുള്ള കുടുംബങ്ങൾ പുനരധിവാസം തേടുന്നു. അടുത്ത മഴക്കാലത്തിനു മുന്‍പെങ്കിലും മാറ്റിപ്പാർപ്പിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. പ്രളയത്തിന്റെ നടക്കുന്ന ഓർമകൾ ഇപ്പോഴും വേട്ടയാടുന്ന കുടുംബങ്ങൾ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ആകുലതയിലാണ്.
പൂതാടി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് പേരൂർ കോളനി. 14 കുടുംബങ്ങളാണ് ഇവിടെ. എല്ലാ മഴക്കാലത്തും കോളനിയിൽ വെള്ളം കയറാറുണ്ടങ്കിലും ഇത്തവണ കണക്കുകൂട്ടലുകൾ തെറ്റി. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ കോളനിവാസികൾക്കു ഉടുതുണി ഒഴികെ സാമഗ്രികൾ നഷ്ടമായി.
പുഴയോടുചേർന്നു താമസിക്കുന്ന ബാബു, രാജൻ, അമ്മിണി എന്നിവരുടെ വീടുകൾ ഏതു നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. പുഴക്കരയിലെ ജനറൽ വിഭാഗത്തിൽപ്പെട്ട തങ്കപ്പന്റെ വീടിന്റെ സ്ഥിതിയും വിഭിന്നമല്ല. ഒരു പ്രളയംകൂടി അതീജീവിക്കാനുള്ള ശേഷി കോളനിയിലെ വീടുകൾക്കില്ല. വെള്ളം ഇറങ്ങിയതിനുശേഷം ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും തിരിഞ്ഞുനോക്കാത്തതും കുടുംബങ്ങളെ അലോസരപ്പെടുത്തുകയാണ്.