പേരൂര്‍ക്കട: വാഹനത്തിലിരുന്ന് ഉറങ്ങുകയായിരുന്ന ആളിന്റെ കഴുത്തില്‍ക്കിടന്ന സ്വര്‍ണമാല കവര്‍ന്നതുമായി ബന്ധപ്പെട്ട് മൂന്നുപേരെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്തു. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം എംഎസ് ഹൗസില്‍ നിഷാദ്, തമിഴ്നാട് സില്ക്കുവാര്പട്ടി സ്വദേശികളായ രാജേഷ് (കഞ്ചാവ് രാജേഷ് ), രാംരാജ് (കളുത രാജന് ) എന്നിവരാണ് അറസ്റ്റിലായത്.
ഇതില്‍ രാജേഷ് ഒരു കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടയാളാണ്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വട്ടിയൂര്‍ക്കാവ് കല്ലുമല ജംഗ്ഷനില്‍ കാറില്‍ ഉറങ്ങുകയായിരുന്ന ശ്രീധരന്റെ 11 പവന് തൂക്കംവരുന്ന സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്.
മോഷണശേഷം തമിഴ്നാട്ടിലെ ഡിണ്ടിഗല്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു പ്രതികള്‍. നിഷാദാണ് മാല മോഷ്ടിച്ചത്. അതിനുശേഷം മാല രാജേഷിന്റെ പക്കല്‍ നല്‍കിയശേഷം ഇയാള്‍വഴി രാംരാജിന് കൈമാറി ഇതൊരു സ്വര്‍ണക്കടയില്‍ വില്‍ക്കുകയായിരുന്നു.
സ്വര്‍ണമാല കടയില്‍നിന്നു പോലീസ് കണ്ടെടുത്തു. വട്ടിയൂര്‍ക്കാവ് എസ്ഐ എസ്. സാജു, എസ്സിപിഒമാരായ ഷൗക്കത്ത്, ശ്രീകുമാര്‍, സിപിഒ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.