വിഴിഞ്ഞം: വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന അഞ്ചര വയസുകാരനെ കാണാതായി. രണ്ടര മണിക്കൂറിന് ശേഷം അയൽവാസിയുടെ വീടിനുള്ളിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്തി.
കുട്ടിയെ ഒളിപ്പിച്ച സംഭവത്തിൽ മുക്കോല കാഞ്ഞിരംവിള സ്വ ദേശി പീരുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുക്കോല സ്വദേശിയായ അഞ്ചര വയസുകാരനെയാണ് ഇന്നലെ രാവിലെ പത്തോടെ കാണാതായത്.
കളിച്ചു നിന്ന കുട്ടിയെ കാണാതായെന്ന വാർത്ത പടർന്നതോടെ നാട്ടുകാർ ഒന്നിച്ച് അന്വേഷണം ആരംഭിച്ചു. സമീപ വീടുകളും കിണറുകളും ഉൾപ്പെടെ അരിച്ചുപെറുക്കി. അന്വേഷണം ഫലം കാണാതെ വന്നതോടെ നാട്ടുകാർ വിഴിഞ്ഞം പോലീസിന്റെ സഹായം തേടി.
മാതാവുൾപ്പെടെയുള്ള സംഘം കുട്ടിയെ കണ്ടെത്തിയ അയൽവാസിയുടെ വീട്ടിൽ രണ്ടു പ്രാവശ്യമെത്തി അന്വേഷിച്ചെങ്കിലും ഇയാൾ കൈ മലർത്തി. ഉച്ചക്ക് പന്ത്രണ്ടരയോടെ ഫയർഫോഴ്സും സ്ഥലത്തെത്തി. നാട് മുഴുവൻ അരിച്ചുപെറുക്കുന്നതിനിടയിൽ മാതാവുൾപ്പെടെയുള്ള സംഘം മൂന്നാമതും പീരുമുഹ മ്മദിന്റെ വീട്ടിൽ വീണ്ടും അന്വേഷണവുമായെത്തി.
ഒടുവിൽ മുറിയിൽ നടത്തിയ പരിശോധനയിൽ കട്ടിലിൽ കിടക്കുന്ന കുട്ടിയെ മാതാവ് കണ്ടെത്തിയതോടെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിന് അവസാനവും നാട്ടുകാർക്ക് ആശ്വാസവുമായി.
ഇതിനിടയിൽപരസ്പര വിരുദ്ധമായി സംസാരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇയാൾക്കെതിരെ പെറ്റിക്കേസെടുക്കത്ത് പോലീസ് വിടാൻ ശ്രമിച്ചത് ജനരോഷത്തിനും വഴിതെളിച്ചു.