വാഷിംഗ്ടണ് ഡിസി: നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് റോവർ ചുവപ്പുഭീമനിലെത്തി.
ഏഴു മാസത്തെ യാത്രയ്ക്കുശേഷം പെഴ്സിവിയറൻസ് റോവർ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയത്.
ചൊവ്വയുടെ അന്തരീക്ഷത്തിൽ 19,500 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച റോവറിനെ പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗം കുറച്ചാണ് ലാൻഡിംഗ് നടത്തിയത്.
പെഴ്സിവിയറൻസ് റോവറും ഇൻജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്ന ആദ്യ ദൗത്യമാണിത്.
2020 ജൂലൈ 30 ന് അറ്റ്ലസ് 5 റോക്കറ്റിലാണു പെഴ്സിവിയറൻസ് വിക്ഷേപിച്ചത്. 300 കോടി ഡോളറാണ് ദൗത്യത്തിന്റെ ചെലവ്.
ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങൾ ചൊവ്വയെ വലയം വയ്ക്കുന്നുണ്ട്.
ഭൂമിയുടെ ഏറ്റവുമടുത്ത് ചൊവ്വ വന്ന ജൂലൈയിലാണ് മൂന്ന് പദ്ധതികളും വിക്ഷേപിച്ചത്.
ഇതുവരെ ഒൻപത് ഉപഗ്രഹങ്ങൾ മാത്രമേ വിജയകരമായി ചൊവ്വയിൽ ലാൻഡ് ചെയ്തിട്ടുള്ളൂ. ഒൻപതും യുഎസ് വിക്ഷേപിച്ചവയാണ്.
ഒരു ചെറുകാറിന്റെ വലുപ്പമുള്ള പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്ന് പഠനം നടത്തും.
350 കോടി വർഷം മുൻപ് ജലം നിറഞ്ഞ നദികളും തടാകവും ജെസീറോയിൽ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്ത് ഏഴ് അടി താഴ്ചയിൽ ഖനനം നടത്തി പേടകം മണ്ണ്, പാറ സാന്പിളുകൾ ശേഖരിക്കും.
2031 ൽ സാന്പിളുമായി പേടകം ഭൂമിയിൽ മടങ്ങിയെത്തും.
പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്.
ആറ്റിറ്റ്യൂഡ് കണ്ട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ എന്ന പെഴ്സിവിയറൻസിലെ ഗതിനിർണയ സംവിധാനം വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം നൽകിയത് ഇന്ത്യൻ വംശജയായ ഡോ. സ്വാതി മോഹൻ ആണ്.