പോൾ മാത്യു
തൃശൂർ: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ ചെലവിൽ 53 ശതമാനത്തിന്റെ വർധന. 2020-21 സാന്പത്തിക വർഷം 6.03 കോടി രൂപ നൽകിയിരുന്നത് 2021-22 വർഷത്തിൽ 9.26 കോടി രൂപയായി വർധിക്കും.
പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കു പെൻഷൻ നൽകുന്നതിൽ ഈ വർഷമാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
2017-18ൽ 6.38 കോടി, 2018-19ൽ 7.67 കോടി, 2019-20ൽ 7.14 കോടി എന്നിങ്ങനെയാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ ഇനത്തിൽ സർക്കാർ നൽകിയത്.
2019ൽ 1250 പേർക്കായിരുന്നു പേഴ്സണൽ സ്റ്റാഫ് പെൻഷൻ. ആദ്യത്തെ പിണറായി സർക്കാരിന്റെ കാലത്തു പേഴ്സണൽ സ്റ്റാഫ് പെൻഷൻ അംഗങ്ങളായവർ 250 പേർകൂടി വർധിച്ചു.
ഇവർക്കു പെൻഷനു പുറമേ ഗ്രാറ്റുവിറ്റിയായും ലക്ഷങ്ങൾ നൽകി. 2017-18ൽ 4.8 ലക്ഷം, 2018-19ൽ 15.46 ലക്ഷം, 2019-20ൽ 1.8 ലക്ഷം, 2021-22ൽ അഞ്ചു ലക്ഷം എന്നിങ്ങനെയാണ് ഗ്രാറ്റുവിറ്റിയും നൽകിയത്.
ഒരു മന്ത്രിയുടെ കീഴിൽ ചുരുങ്ങിയതു രണ്ടരവർഷം ജോലി ചെയ്താൽ പെൻഷന് അർഹത നേടാം. അഞ്ചുവർഷ കാലയളവിൽ ഒരു മന്ത്രിയുടെ കീഴിൽതന്നെ ഇരട്ടി സ്റ്റാഫിനെ നിയമിച്ചാൽ അവർക്കും പെൻഷന് അർഹതയുണ്ടാകും.
എന്നാൽ, ഒരു സർക്കാർ ജീവനക്കാരനു മുഴുവൻ പെൻഷനും കിട്ടണമെങ്കിൽ ചുരുങ്ങിയതു മുപ്പതു വർഷമെങ്കിലും സർവീസ് ഉണ്ടാവണം.
മന്ത്രിമാരുടെ കീഴിൽ രണ്ടരവർഷം ജോലിചെയ്താൽ സർക്കാർ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ജീവിതകാലം മുഴുവൻ ലഭിക്കും.
പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ സ്കീമിൽ മാറ്റം വരുത്തണമെന്നു ശന്പള കമ്മീഷൻ ശിപാർശ ചെയ്തെങ്കിലും നടപ്പാക്കിയിട്ടില്ല.
ചുരുങ്ങിയതു നാലു വർഷത്തിൽ കൂടുതൽ ജോലി ചെയ്താൽ മാത്രമേ മിനിമം പെൻഷൻ നൽകാവൂ എന്നു പേ റിവിഷൻ കമ്മീഷൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ ഇതു സർക്കാർ അംഗീകരിച്ചിട്ടില്ല.
പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നല്കുന്നതു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എതിർത്തതും മറ്റും ഈയിടെ ഏറെ ചർച്ചയായിരുന്നു.