കണ്ണൂർ: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള കലശം വരവിൽ സിപിഎം നേതാവ് പി. ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് സംബന്ധിച്ച് വിവാദം.
കതിരൂർ പുല്യോട് കൂർമ്പക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കലശത്തിലാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ഫോട്ടോയും കലശത്തിൽ ഉൾപ്പെടുത്തിയത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തും പിന്നീടും അണികളുടെ വ്യക്തി ആരാധനാ വിഷയത്തിൽ പി. ജയരാജൻ ഉൾപ്പെട്ടിരുന്നു.
പ്രവർത്തകർ തയാറാക്കിയ കണ്ണൂരിൻ താരകമല്ലോ പി. ജയരാജൻ എന്ന നൃത്തസംഗീത ശില്പം പി. ജയരാജൻ തന്നെ ഉദ്ഘാടനം ചെയ്തതോടെയായിരുന്നു സിപിഎമ്മിൽ പി. ജയരാജൻ വിവാദം ആരംഭിച്ചത്.
പിന്നീട് പലയിടങ്ങളിലും പി. ജയരാജനെ പുകഴ്ത്തിയുള്ള ഫ്ലക്സുകളും ഉയർന്നിരുന്നു. ഇതേത്തുടർന്ന് പാർട്ടി വിശദീകരണം തേടിയപ്പോൾ ഇത്തരം പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കരുതെന്നും പി. ജയരാജൻ തന്നെ പരസ്യമായി പറയുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണിപ്പോൾ കലശവുമായി ബന്ധപ്പെട്ട് പി. ജയരാജൻ വീണ്ടും വിവാദത്തിലായിരിക്കുന്നത്.