ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പേഴ്സി ജോസഫ് വിജയം നേടിയത്. ഐ.പി.എസ്. ഉദ്യോഗസ്ഥയുള്‍പ്പെട്ട പോലീസിനെതിരേയായിരുന്നു ഇടപെടല്‍. പലവിധത്തിലുള്ള ഭീഷണികളുയര്‍ന്നു. ഒടുവില്‍ തന്നെ ഉപദ്രവിച്ച പോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പെഴ്‌സി ജോസഫ് ഡെസ്മണ്ട് ആശ്വാസത്തിലായി. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും കോടതിയുടെ തീരുമാനം അട്ടിമറിക്കാനാണ് നീക്കം. വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ്ാണ് നിലവില്‍ ആര്‍.നിശാന്തിനി. തൊടുപുഴ എഎസ്പിയായിരുന്നപ്പോള്‍ ബാങ്ക് മാനേജരെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡയില്‍ മര്‍ദിച്ചെന്ന പരാതിയിലാണു വകുപ്പുതല അന്വേഷണത്തിനു നടപടി. സംഭവിച്ചതിനെക്കുറിച്ച്് പേഴ്‌സി ജോസഫ് പറയുന്നതിങ്ങനെ…
‘എ.എസ്.പിയുടെ ഓഫീസിലേക്ക് എന്നെ ഒരു പോലീസുകാരന്‍ തള്ളിയിട്ടു. നിശാന്തിനി മാഡം അവിടെ ഇരുപ്പുണ്ടായിരുന്നു. പേര് ചോദിച്ചപ്പോള്‍ പറഞ്ഞതും കരണത്തടിച്ചു. തറയിലേക്ക് ഇരുത്തി, പിന്നെ ക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്’ – ആറു വര്‍ഷം മുമ്പത്തെ ആ ദിവസം ഇന്നും പേഴ്സി ജോസഫ് ഡസ്മണ്ട് മറന്നിട്ടില്ല. അന്ന് ഉച്ചമുതല്‍ നടന്ന സംഭവങ്ങള്‍ പേഴ്സിക്ക് മറക്കാനുമാവില്ല. 2011 ജൂെലെ 26 നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്ന് ആരോപിച്ച് തൊടുപുഴ യൂണിയന്‍ ബാങ്ക് മാനേജരായിരുന്ന പേഴ്സിയെ പോലീസ് പിടികൂടിയത്. സ്റ്റേഷനില്‍ അദ്ദേഹം മര്‍ദ്ദനത്തിനിരയായി. കേസുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പേഴ്സി നടത്തുന്ന നിയമപോരാട്ടത്തിനു കഴിഞ്ഞ ദിവസം അനുകൂലമായൊരു റിപ്പോര്‍ട്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട്, നിലവില്‍ തൃശൂരില്‍ വനിതാ പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്റായ ആര്‍. നിശാന്തിനിക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നാണ് ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയത്.
ഇപ്പോള്‍ പെരുമ്പാവൂര്‍ ശാഖയുടെ ചീഫ് മാനേജരാണ് പേഴ്സി ജോസഫ്. സി.എം. ടോമി ചെറുവള്ളിയാണ് കേസ് വാദിക്കുന്നത്. ആറു വര്‍ഷമായി തുടരുന്ന നിയമപോരാട്ടത്തിനിടയാക്കിയ സംഭവത്തെക്കുറിച്ചു പേഴ്സി പറയുന്നതിങ്ങനെ: ഞാന്‍ സ്ഥലംമാറി തൊടുപുഴ ബാങ്കിലെത്തുന്നതിനു മുമ്പുതന്നെ വായ്പാ കുടിശിഖ പിരിച്ചെടുക്കാന്‍ നോട്ടീസയച്ചു തുടങ്ങിയിരുന്നു. ഞാന്‍ വന്നപ്പോള്‍ അത് ഊര്‍ജിതപ്പെടുത്തി. ഇതിന്റെ ഭാഗമായി തൊടുപുഴയിലെ ഒരു വനിതാ രാഷ്ട്രീയനേതാവിന്റെ ഭര്‍ത്താവുമായും അഭിപ്രായവ്യത്യാസമുണ്ടായി. തന്നെ ശരിയാക്കിത്തരാമെന്ന് വെല്ലുവിളിച്ചിട്ടാണ് അയാള്‍ ഇറങ്ങിപ്പോയത്. പിറ്റേ ദിവസം ഒരു സ്ത്രീ ബാങ്കിലെത്തി വായ്പയെടുക്കേണ്ടതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിച്ചു. എന്നാല്‍, അവര്‍ക്കു വായ്പ നല്‍കാന്‍ ആവുമായിരുന്നില്ല. ഈ വിവരം അവരോടു പറഞ്ഞു. പിറ്റേ ദിവസം മറ്റൊരു സ്ത്രീയും ബാങ്കിലെത്തി വായ്പ സംബന്ധിച്ച വിവരം തിരക്കി. ഇതിനു പിന്നാലെ എ.എസ്.പിയുടെ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു.
ഞാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവര്‍ കൊണ്ടുപോയത് നിശാന്തിനി മാഡത്തിന്റെ ഓഫീസിലേക്കാണ്. വാതില്‍ക്കലെത്തിയപ്പോള്‍ അകത്തേക്ക് ഒരു പോലീസുകാരന്‍ തള്ളി. പിന്നീട് എ.എസ്.പി. പേരു ചോദിച്ചു. ഞാന്‍ പറഞ്ഞതും കരണത്തു തല്ലി. നീ സ്ത്രീകളെ അപമാനിക്കുമോ എന്നു ചോദിച്ചു. അടുത്ത കരണത്തുമടിച്ചു. അപ്പോഴേക്കും രണ്ടുമൂന്ന് പോലീസുകാര്‍ കൂടെയെത്തി. അവര്‍ മാറിമാറി എന്നെ മര്‍ദ്ദിച്ചു. ഒരാള്‍ വയറ്റില്‍ ചവിട്ടി. തറയില്‍ ഇരുത്തി കാല്‍വെള്ളയില്‍ അടിച്ചു. എ.എസ്.പി. െകെവിരല്‍ പിടിച്ചുമടക്കി. മര്‍ദ്ദനത്തിനുശേഷം എ.എസ്.പി. ഇറങ്ങിപ്പോയി. ഞാന്‍ പറയുന്നത് കേള്‍ക്കാനും തയാറായില്ല.
പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടറോടു ഞാന്‍ മര്‍ദ്ദനവിവരം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റിനോടും വിവരങ്ങള്‍ പറഞ്ഞു. അവിടെനിന്ന് ജാമ്യം ലഭിച്ചു. ഇതിനുശേഷമാണ് അറിയുന്നത് ബാങ്കില്‍ വായ്പ അന്വേഷിച്ചെത്തിയവര്‍ വനിതാ പോലീസുകാരായിരുന്നുവെന്ന്. ആരോടും മോശമായിട്ട് ഒരു വാക്കും പറഞ്ഞില്ല. ആരൊക്കെയോ കൂടി നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് ഞാന്‍. വനിതാ നേതാവും എ.എസ്.പിയുമായി ബന്ധമുണ്ടെന്നു പിന്നീടു പറയുന്നതു കേട്ടു. നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. ഈ ഗൂഡാലോചന വെളിയില്‍ വരണം. അതിനായി ശ്രമങ്ങള്‍ തുടരുകതന്നെ ചെയ്യും’.