പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽനിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും മധ്യനിര ബാറ്റ്സ്മാൻ രോഹിത് ശർമയെയും ഒഴിവാക്കി. പരിക്കിനെ തുടർന്നാണ് ഇരുതാരങ്ങളും പുറത്താവുന്നത്.
അശ്വിന്റെ വയറിനും രോഹിതിന്റെ പുറത്തുമാണ് പരിക്കേറ്റത്. ആദ്യ ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് രോഹിതിനു പരിക്കേറ്റതെന്നു ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതേസമയം, പരിക്കിൽനിന്നു മുക്തനാകാത്ത പൃഥി ഷായ്ക്ക് രണ്ടാം ടെസ്റ്റിലും അവസരം ലഭിക്കില്ല.
ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരെയാണു പകരക്കാരായി 13 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് പെർത്തിൽ ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരന്പരയിൽ ലീഡ് ചെയ്യുകയാണ്.