പെറു എന്ന തെക്കേ അമേരിക്കൻ രാജ്യത്തിന്റെ ചരിത്രത്തിലും അവിടത്തെ ജനതയുടെ ഹൃദയത്തിലുമൊക്കെ ഏറെ സ്ഥാനമുള്ള ഒരു മൃഗമാണ് വിക്യൂണിയ. മാനുകളോട് രൂപ സാദ്യശ്യമുള്ള ഇവ പെറുവിന്റെ ദേശീയ മൃഗമാണ്. ഇവിടത്തെ ദേശീയ പതാകയിലും സൈന്യത്തിന്റെ യൂണിഫോമിലും കറൻസിയിലുമെല്ലാം ഈ മൃഗത്തിന്റെ രൂപം കാണാം.
രോമത്തിന്റെ സവിശേഷതകൾ
വളരെ മൃദുലമായ സ്വർണനിറത്തിലുള്ള രോമങ്ങളാണ് വിക്യൂണിയകളുടെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും മേന്മയുള്ള പ്രകൃതിദത്തമായ ഫൈബറാണിത്. ഇവയിൽ നിന്ന് രൂപപ്പെടുത്തിയെടുക്കുന്ന തുണിത്തരങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ തുണിത്തരങ്ങളാണ്. കാഷ്മീരി വസ്ത്രങ്ങളേക്കാൾ അഞ്ചിരട്ടിയാണ് വിക്യൂണ വസ്ത്രങ്ങളുടെ വില.
ഇൻക സംസ്കാരത്തിലെ വിശിഷ്ട മൃഗം
നൂറ്റാണ്ടുകൾക്കു മുന്പ് ഇൻക സാമ്രാജ്യകാലത്ത് ദക്ഷിണ പെറുമുതൽ ഉത്തര അർജന്റീന വരെയുള്ള പുൽമേടുകളിൽ 20 ലക്ഷത്തോളം വിക്യൂണിയകൾ മേഞ്ഞിരുന്നു. വിക്യൂണിയകളെ വി ശിഷ്ട ശക്തിയുള്ള മൃഗങ്ങളായാണ് ഇൻക സംസ്കാരം കണ്ടിരുന്നത്. വിക്യൂണിയകളുടെ രോമം നെയ്ത് ഉണ്ടാക്കുന്ന പ്രത്യേക വസ്ത്രങ്ങൾ ഇൻക സാമ്രാജ്യത്തിലെ ഉന്നതകുലജാതർക്ക് മാത്രമേ ധരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു.
രോമമെടുക്കൽ ഒരു ആഘോഷം
എല്ലാ നാലു വർഷം കൂടുന്പോഴായിരുന്നു വിക്യൂണിയകളുടെ ശരീരത്തിൽനിന്ന് രോമംശേഖരിച്ചിരുന്നത്. ചക്കു എന്നായിരുന്നു ഇവയുടെ രോമം ശേഖരിക്കുന്ന ചടങ്ങിന്റെ പേര്. വിക്യൂണിയകളുടെ ആവാസ സ്ഥലത്തെത്തി അവയെ പിടിച്ച് രോമമെടുത്ത ശേഷം മടക്കി അയയ്ക്കുന്നതായിരുന്നു പതിവ്. ഇങ്ങനെ ശേഖരിക്കുന്ന രോമം സ്വർണംപോലെ രാജകൊട്ടാരത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.
വേട്ടയാടപ്പെട്ട നാളുകൾ
1532ൽ സ്പെയിനിൽനിന്ന് പെറുവിൽ എത്തിയവർ വിക്യൂണിയകളുടെ രോമത്തെക്കുറിച്ച് അറിഞ്ഞു. തോക്ക് ഉപയോഗിച്ച് വിക്യൂണിയകളെ കൊന്നാണ് ആ ദുഷ്ടൻമാർ അവയുടെ രോമം ശേഖരിച്ചത്. ഈ പതിവ് നൂറ്റാണ്ടുകൾ തുടർന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിലും യൂറോപ്പിലുമൊക്കെ വിക്യൂണിയകളുടെ രോമം കൊണ്ടുണ്ടാക്കിയ കോട്ടുകൾ വലിയ ആഡംബരമായാണ് കണക്കാക്കിയിരുന്നത്. അപ്പോൾ പെറുവിൽ ഇവയുടെ സംഖ്യ 10,000ൽ താഴെ മാത്രമായി കുറഞ്ഞിരുന്നു. വംശനാശത്തിലേക്ക് ഈ മൃഗങ്ങൾ അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.
തങ്ങളുടെ ദേശീയ മൃഗം വംശനാശത്തിന്റെ വക്കിലാണെന്ന് മനസിലാക്കി പെറൂവിയൻ ഗവണ്മെന്റ് 1967ൽ വിക്യൂണിയകളുടെ സംരക്ഷണത്തിനായി 16,000 ഏക്കർ പുൽമേട് വിക്യൂണിയ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. 1969ൽ എല്ലാ വിക്യൂണിയ ഉത്പന്നങ്ങളുടെയും കച്ചവടം രാജ്യത്ത് നിരോധിച്ചു. 1975ൽ കണ്വെൻഷൻ ഓണ് ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേൻജേഡ് സ്പീഷീസ് എല്ലാ വിക്യൂണിയ ഉത്പന്നങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരവും നിരോധിച്ചു. എന്നാൽ വേട്ടക്കാർ വിക്യൂണിയകളെ തുടർന്നും ആക്രമിച്ചുകൊണ്ടിരുന്നു. കരിഞ്ചന്തയിൽ ഒരു കിലോ വിക്യൂണിയ രോമത്തിന്റെ വില 72,655 രൂപ വരെയായിരുന്നു.
മടങ്ങിവന്ന ആഘോഷം
പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും വേട്ടക്കാരെ നിയന്ത്രിക്കാൻ സർക്കാരിനായില്ല. ഒടുവിൽ അവർ വളരെ പ്രായോഗികമായ ഒരു മാർഗം കണ്ടെത്തി. ഇൻക സാമ്രാജ്യകാലത്തെപ്പോലെ എല്ലാ നാലുവർഷം കൂടുന്പോഴും വിക്യൂണിയകളുടെ രോമം എടുക്കുന്ന ചടങ്ങ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
വിക്യൂണിയകൾ അധിവസിക്കുന്ന പുൽമേടുകൾക്കു സമീപമുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് ഇതിനുള്ള അവസരം നൽകി. ഇങ്ങനെ ശേഖരിക്കുന്ന രോമം വിൽക്കാനും അവർക്ക് അനുവാദം നൽകി. ഇത് പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്ക് നല്ല വരുമാനമുണ്ടാക്കിക്കൊടുത്തു. അതോടെ വിക്യൂണിയകളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് ഗ്രാമവാസികൾ മനസിലാക്കി. പുറത്തുനിന്നെത്തുന്ന വേട്ടക്കാരിൽ നിന്ന് അവർ വിക്യൂണിയകളെ സംരക്ഷിച്ചു തുടങ്ങി. 1990കളോടെ വിക്യൂണിയകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായി.
1994ൽ വിക്യൂണിയകളുടെ രോമവ്യാപാരത്തിനുണ്ടായിരുന്ന വിലക്ക് എടുത്തുകളയപ്പെട്ടു. 2008 ആയപ്പോഴേക്കും വംശനാശ ഭീഷണിയുള്ള ജീവികളുടെ പട്ടികയിൽനിന്നുപോലും അവ ഒഴിവാക്കപ്പെട്ടു. ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയ ലോകത്തിലെ അപൂർവം ചില ജീവിവർഗങ്ങളിൽ ഒന്നാണ് വിക്യൂണിയകൾ. ഇപ്പോൾ പെറുവിലെ പുൽമേടുകളിൽ രണ്ടു ലക്ഷത്തിലധികം വിക്യൂണിയകൾ മേയുന്നുണ്ടെന്നാണ് കണക്ക്.
ഒരു കോട്ടിന്റെ വില 14 ലക്ഷം!
പെറുവിലെ ഗ്രാമീണർ ശേഖരിക്കുന്ന വിക്യൂണിയ രോമത്തിൽ അധികവും വാങ്ങുന്നത് ലോറോ പിയാന എന്ന ഇറ്റാലിയൻ കന്പനിയാണ്. കിലോയ്ക്ക് 29,000 രൂപ മുതൽ 60,000 രൂപ വരെ ഗ്രാമീണർക്ക് വിലയായി കിട്ടും. ആഡംബര ഉത്പന്ന നിർമാതാക്കളായ ലോറോ പിയാനയ്ക്ക് വിക്യൂണിയ രോമങ്ങൾ നെയ്തെടുക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ട്. ഇങ്ങനെ നെയ്തെടുക്കുന്ന ഒരു സ്കാർഫിന്റെ വില രണ്ടു ലക്ഷം രൂപയ്ക്കുമുകളിലാണ്. ജാക്കറ്റുകൾക്കാകട്ടെ 14,52,900ഡോളർവരെ വിലവരും.
പുതപ്പുകൾ,ഷാളുകൾ, കൈ ഉറകൾ തുടങ്ങി നിരവധി വസ്തുക്കൾ വിക്യൂണിയകളുടെ രോമങ്ങളിൽനിന്ന് ഉണ്ടാക്കുന്നു. വസ്ത്ര വിപണിയിലെ ഏറ്റവും വലിയ ആഢംബരങ്ങളാണ് അവ.
റോസ് മേരി ജോൺ