നാദാപുരം: സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി തികച്ചും വേറിട്ട വഴിയില്‍ ധനസമാഹരണം നടത്തി “സുരക്ഷ’ നാദാപുരം മേഖല (പെയിന്‍ ആൻഡ് പാലിയേറ്റീവ്) മാതൃകയാകുന്നു. ഒരു വര്‍ഷക്കാലത്തെ കിടപ്പു രോഗീപരിചരണങ്ങള്ക്കാവശ്യമായ ഫണ്ട് കണ്ടെത്താനാണ് പാഴ്വസ്തുക്കള് സമാഹരിച്ച് വിപണനം ചെയ്യുകയെന്ന വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചത്.
നവംബര്‍ 24ന് ഒറ്റദിവസം രാവിലെ മുതല്‍ 86 സ്ക്വാഡുകളിലായി 463 പ്രവര്‍ത്തകര്‍ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കയറിയിറങ്ങി പഴയ ഇരുമ്പ്, മറ്റു ലോഹങ്ങള്‍, പത്രം, പുസ്തകങ്ങള്‍, കേടായ ഉപകരണങ്ങള്‍, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ബോട്ടിലുകള്‍ തുടങ്ങിയവയെല്ലാം ശേഖരിച്ച് വിപണനം ചെയ്തപ്പോള്‍ നേടിയത് ലക്ഷ്യം വച്ചതിനേക്കാള്‍ വലിയ സംഖ്യ.
ഒരു ലക്ഷം ലക്ഷ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ച് ഒന്നര ലക്ഷത്തിലധികം സമാഹരിക്കാനായ സന്തോഷത്തിലാണ് സുരക്ഷയുടെ വളണ്ടിയര്‍മാര്‍. പാഴ്വസ്തു സമാഹരണത്തിനു മുന്നോടിയായി മനസ്സൊരുക്കം എന്ന നിലയില്‍ 15 കേന്ദ്രങ്ങളില്‍ കാരുണ്യ സംഗമങ്ങള്‍ നടന്നിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് കോഴിക്കോട് ഫാക്കല്‍റ്റി അംഗങ്ങള്‍, ഐആര്‍പിസി കണ്ണൂര്‍ ട്രെയിനര്‍മാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത കാരുണ്യ സംഗമങ്ങള്‍ നാദാപുരത്തുകാരില് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തിലുള്ള അവബോധം സൃഷ്ടിക്കാന്‍ സഹായിച്ചു.
കുടുംബ ശ്രീ യൂണിറ്റുകള്‍, കലാസമിതികള്‍, യുവജന സംഘടനകള്‍ തുടങ്ങിയവരുടെയെല്ലാം പങ്കാളിത്തവും സഹായവും പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഒരു പഞ്ചായത്തിന്റെ പകുതി മാത്രം വരുന്ന ഭൂപ്രദേശത്തുനിന്നും പാഴ്വസ്തു സമാഹരണത്തിലൂടെ ഒന്നര ലക്ഷം രൂപ ശേഖരിക്കാനായത് വന്‍ വിജയമാമെന്നാണ് വിലയിരുത്തല്‍ .