പെരുവ: നാട്ടുകാർ പിടികൂടിയ പെരുന്പാന്പ് പോലീസ് ജീപ്പിന്റെ അടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ പോലീസ് ജീപ്പിന്റെ പാർട്സുകളും ടയറുമഴിച്ചു പാന്പിനെ പിടികൂടി. വ്യാഴാഴ്ച രാത്രി ഒന്പതോടെ പെരുവയിലാണ് സംഭവം. ഇതിനിടെ പെരുന്പടവം സ്വദേശി ബിജു (മത്തായി) വിന് പെരുന്പാന്പിന്റെ കടിയേറ്റു. രാത്രി ഒന്പതോടെ അവർമ ചളുവേലിയിലെ റോഡരികിലെ ഓടയിൽ കിടക്കുയായിരുന്ന പെരുന്പാന്പിനെ നാട്ടുകാർ പിടികൂടി വലിയ വീപ്പയിൽ ഇടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെള്ളൂർ പോലീസ് വനം വകുപ്പധികൃതരെ വിവരം അറിയിച്ചു.
വനം വകുപ്പ് അധികൃതർ എത്തുന്പോൾ പാന്പിനെ കൈമാറുന്നതിനായി ചാക്കിൽ കയറ്റുന്നതിനിടെ പുറത്ത് ചാടിയ പാന്പ് പോലീസ് ജീപ്പിന്റെ അടിയിലൂടെ ഉള്ളിലേക്ക് കയറുകയായിരുന്നു. ഡീസൽ ടാങ്കിന്റെ ഇടയിൽ കയറിയ പാന്പ് പിന്നീട് എങ്ങോട്ട് പോയന്നറിയതെ നാട്ടുകാരും പോലീസും വിഷമിച്ചു. തുടർന്ന് ജീപ്പ് സർവീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഉയർത്തി നോക്കാനായി ചളുവേലിയിൽ നിന്നും മൂന്ന് കിലോമീറ്റർ ഓടിച്ചു പെരുവയിലെത്തിച്ചു എൻജിന്റെ ബോണറ്റ് ഉയർത്തി പരിശോധിച്ചപ്പോഴാണ് എൻജിന്റെ സൈഡിൽ പെരുന്പാന്പ് ചുറ്റിയിരിക്കുന്നത് കാണുന്നത്.
തുടർന്ന് നാട്ടുകാരും പോലീസും ഏറേസമയം പരിശ്രമിച്ചിട്ടും പാന്പിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇതിനിടെയിൽ വർക്ക് ഷോപ്പിലെ ജോലികഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന രാജീവ്, പ്രിന്റോ, ജിയേഷ്, രാജുലാൽ എന്നിവർ ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാന്പിനെ വണ്ടിക്കുള്ളിൽനിന്നും പുറത്തെടുത്തത്. പാന്പിനെ പിടികൂടാൻ നാട്ടുകാരും ഇവരോടൊപ്പം കൂടി.