കൊല്ലം: മണ്‍ട്രോതുരുത്ത് പനയം നിവാസികളുടെ കാലങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന പെരുമണ്‍ പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലത്തിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനോപകാരപ്രദമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും പെരുമണ്‍ പാലം അത്തരത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ അഷ്ടമുടിക്കായലില്‍ കടത്തിന്റെ സഹായത്തോടെയാണ് ഇരുകരകളിലേക്കുമുള്ള ജനങ്ങളുടെ യാത്ര. പാലം യാഥാര്‍ഥ്യമാകുന്നതോടെ കൊല്ലത്തു നിന്നും മണ്‍ട്രോതുരുത്ത് വരെയുള്ള ദൂരം 10 കിലോമീറ്ററോളം കുറയും.
കല്ലടയാറിന് കുറുകെയുള്ള കണ്ണങ്കാട് പാലം കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആസ്ഥാനത്തുനിന്ന് വടക്കന്‍ ജില്ലകളിലേക്കുള്ള യാത്രയും കൂടുതല്‍ സുഗമമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പെരുമണ്‍ പാലത്തിനായി കിഫ്ബിയില്‍ നിന്ന് 42 കോടി രൂപയാണ് അനുവദിച്ചത്.
396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ ഇരുകരകളിലുമായി നിര്‍മിക്കുന്ന 900 മീറ്റര്‍ അപ്രോച്ച് റോഡിനുമായി ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും കിഫ്ബിയുടെ അനുമതിയുണ്ട്.
എക്സ്ട്രാ ഡോസ്ഡ് പ്രീ സ്ട്രെസ്ഡ് ടൈപ്പ് സൂപ്പര്‍ സ്ട്രക്ച്ചര്‍ ആയി രൂപകല്പന ചെയ്ത പാലത്തിന് 30 മീറ്ററിന്റെ എട്ടു സ്പാനുകളും 42 മീറ്ററിന്റെ രണ്ടു സ്പാനുകളും 70 മീറ്ററിന്റെ ഒരു സ്പാനുമാണ് ഉള്ളത്.
പെരുമണ്‍, മണ്‍ട്രോതുരുത്ത്, അഷ്ടമുടി കായല്‍ എന്നിവിടങ്ങളിലെ ഭൂമിശാസ്ത്രപരമായ സൗന്ദര്യത്തിന് ഉതകുന്ന രീതിയിലുള്ള പുതിയ ഡിസൈനും ആധുനിക സാങ്കേതികവിദ്യയുമാണ് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം പാലത്തിനായി ആവിഷ്കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി ജി സുധാകരന് ചടങ്ങില്‍ അധ്യക്ഷനായി. കൊല്ലത്തിന്റെ വികസന സാധ്യതകളില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പെരുമണ്‍ പാലത്തിന്റെ നിര്‍മാണമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 550 ഓളം പാലങ്ങളുടെ നിര്‍മാണം ഏറ്റെടുത്തിട്ടുണ്ട്. പാലങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഒരു വിഭാഗം തന്നെ രൂപീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മണ്ട്രോത്തുരുത്ത്-പനയം നിവാസികളുടെ ദീര്‍ഘകാല സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നതെന്നും പാലം യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ വിനോദ സഞ്ചാര മേഖലയില്‍ പുത്തനുണര്‍വുണ്ടാകുമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്ത മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു.
കൊല്ലം-പത്തനംതിട്ട -ആലപ്പുഴ-കൊട്ടാരക്കര മേഖലകളെ ബന്ധിപ്പിക്കാന്‍ പെരുമണ്‍ പാലത്തിന് കഴിയുമെന്നും പാലത്തിന്റെ നിര്‍മാണം മേഖലയിലെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും ചടങ്ങില്‍ പ്രാദേശിക അധ്യക്ഷത വഹിച്ച കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ പറഞ്ഞു.
എം.മുകേഷ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പലവിധ കാരണങ്ങളാല്‍ നീണ്ടുപോയ പെരുമണ്‍ പാലത്തിന്റെ നിര്‍മാണം പ്രഥമ പരിഗണന നല്കി യാഥാര്‍ഥ്യമാക്കുകയാണെന്ന് എംഎല് എ പറഞ്ഞു.
പനയം മണ്‍ട്രോതുരുത്ത് പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള ഗതാഗത സംവിധാനം മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത എന്‍. കെ.പ്രേമചന്ദ്രന് എംപി പറഞ്ഞു.
ചടങ്ങില്‍ പനയം ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ എം.മുകേഷ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയ്ക്ക് നല്കി പ്രകാശനം ചെയ്തു.
മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്, ജില്ലാ പഞ്ചായത്തംഗം ഡോ കെ രാജശേഖരന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമണി ശശിധരന്, പെരുമണ്‍ പടിഞ്ഞാറ് വാര്‍ഡംഗം അഭിജിത്ത് ശശിധരന്,
പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷീല, കെ അനിരുദ്ധന്, ചീഫ് എഞ്ചിനീയര്‍ എസ് മനോമോഹന്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ഉദ്യോഗസ്ഥര്‍, പനയം, മണ്‍ട്രോതുരുത്ത് പഞ്ചായത്തുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.