കൊല്ലം: അഷ്ടമുടി കായലിലേയ്ക്ക് ഐലൻ്റ് എക്സ്പ്രസിന്റെ 10 ബോഗികൾ മറിഞ്ഞ് 105 പേർ മരിച്ച പെരുമൺ തീവണ്ടി അപകടത്തിന് ഇന്ന് 36 വയസ്. പതിവുപോല ഇക്കുറിയും ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്തിൽ പെരുമണിൽ അപകടത്തിന്റെ വാർഷിക ആചരണം സംഘടിപ്പിച്ചു.
രാവിലെ എട്ടിന് സമൂഹ പ്രാർഥന ആരംഭിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, പകർച്ചപ്പനി പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജി അധ്യക്ഷത വഹിച്ചു. അപകടത്തിൽ മരിച്ച പലരുടെയും ബന്ധുക്കളും പ്രിയപ്പെട്ടവരുടെ ഓർമ പുതുക്കൽ ചടങ്ങിൽ പങ്കെടുത്തു.
1988 ജൂലൈ എട്ടിനാണ് ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഐലൻ്റ് എക്സ്പ്രസിൻ്റെ ബോഗികൾ പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിന്റെ ആഴങ്ങളിലേയ്ക്ക് പതിച്ചത്.
അപകടകാരണം ഇപ്പോഴും ദുരൂഹം; കല്പിത കഥപോലെ കരിഞ്ചുഴലിക്കാറ്റ്!
എസ്.ആർ. സുധീർ കുമാർ
കൊല്ലം: പെരുമണിൽ ട്രെയിൻ അപകടം സംഭവിച്ചതിന് റെയിൽവേ കണ്ടെത്തിയ കാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു. അഷ്ടമുടി കായലിലേയ്ക്ക് ആ പ്രത്യേക നിമിഷം കടന്നുവന്ന കരിഞ്ചുഴലിക്കാറ്റ് ( ടൊർണാഡോ) ആണ് ദുരന്തത്തിന് കാരണമെന്നായിരുന്നു റെയിൽവേയുടെ കണ്ടെത്തൽ.
ഇത്തരമൊരു നിഗമനത്തിൽ എത്തി അധികൃതർ കൈകഴുകി തടി തപ്പുകയായിരുന്നു. അതേസമയം ഇതൊരു കൽപ്പിത കഥമാത്രമാണെന്നാണ് പ്രദേശത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും പെരുമൺ നിവാസികളും ഇപ്പോഴും അടിവരയിട്ട് പറയുന്നത്.
അത്തരമൊരു കാറ്റ് വീശിയാൽ ട്രെയിനിൻ്റെ കോച്ചുകൾ പാടെ മറിയില്ല എന്ന് അവർ ഉറച്ച് വിശ്വസിക്കുയും ചെയ്യുന്നു. മാത്രമല്ല കായലിലും പരിസരത്തും ഇത്തരമൊരു അതിതീവ്ര കാറ്റ് വീശിയിട്ടുമില്ല. അങ്ങനെ സംഭവിച്ചാൽ തൊഴിലാളികളുടെ വള്ളങ്ങൾ ഉൾപ്പെടെ മറിയണം.
റെയിൽവേ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ ഒന്നും മത്സ്യത്തൊഴിലാളികളുടെ വാദമുഖങ്ങൾ മുഖവിലയ്ക്ക് എടുക്കുകപോലും ഉണ്ടായില്ല. ഐലൻഡ് എക്സ്പ്രസിന്റെ എൻജിനാണ് ആദ്യം പാളം തെറ്റിയതെന്നും പെരുമൺ പാലത്തിൽ വണ്ടി കയറുന്നതിന് മുമ്പ് തന്നെ അത് സംഭവിച്ചു എന്നും പ്രശസ്ത ഫോറൻസിക് വിദഗ്ധൻ വിഷ്ണു പോറ്റി അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എൻജിന്റെ വലത് വശത്തെ ചക്രമാണ് ആദ്യം പാളം തെറ്റിയതെന്നും അദ്ദേഹം റിപ്പോർട്ടിൽ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ റിപ്പോർട്ട് പോലും കരിഞ്ചുഴലിക്കാറ്റിൽ പറന്നു പോയി എന്നതാണ് വാസ്തവം. പ്രസ്തുത റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഫ്രീസറിലാക്കി. പിന്നീടത് വെളിച്ചം കണ്ടില്ല. തുടർന്ന് റെയിൽവേ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ അപകടത്തെ കുറിച്ച് അന്വേഷണം നടത്തി. അദ്ദേഹമാണ് അപകട കാരണം കരിഞ്ചുഴലിക്കാറ്റ് എന്ന ഉറച്ച നിഗമനത്തിൽ എത്തിയത്. റെയിൽവേ അധികൃതരും ഇതിൽ ഉറച്ച് നിന്നു. എങ്കിലും അവിശ്വസനീയമായ ഈ റിപ്പോർട്ട് രാജ്യത്താകമാനം വ്യാപക പ്രതിഷേധത്തിന് കാരണമായി.
ഇതിന്റെ അടിസ്ഥാനത്തിൽ റിട്ട. എയർ മാർഷൽ സി.എസ്. നായിക്കിന്റെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണ കമ്മീഷനെയും റെയിൽവേ നിയോഗിച്ചു. അപകട കാരണം ചുഴലിക്കാറ്റെന്ന മുൻ കണ്ടെത്തൽ പുതിയ കമ്മീഷൻ പൂർണമായും തള്ളിക്കളഞ്ഞു. മാത്രമല്ല ഒരു കരിയിലക്കാറ്റു പോലും അപ്പോൾ ഉണ്ടായില്ല എന്നും കമ്മീഷൻ നിരീക്ഷിച്ചു. പക്ഷേ അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പ്രസ്തുത കമ്മീഷന് കഴിഞ്ഞതുമില്ല.
അങ്ങനെ കേരളം കണ്ട വലിയ മഹാദുരന്തങ്ങളിൽ ഒന്നിന്റെ കാരണം കണ്ടെത്തുന്നതിൽ റെയിൽവേയുടെ എല്ലാ അന്വേഷണ സംവിധാനങ്ങളും പരാജയപ്പെടുകയായിരുന്നു. വർഷങ്ങൾ കടന്നുപോയതോടെ ഇതുമായി ബന്ധപ്പെട്ട സകല ഫയലുകളും റെയിൽവേ ക്ലോസ് ചെയ്തു. ചുഴലിക്കാറ്റിനെ കൂട്ടുപിടിച്ചുള്ള അപസർപ്പക കഥ ഇപ്പോഴും നാട്ടുകാർ പുച്ഛിച്ച് തള്ളുകയാണ്.
ദുരന്തത്തെ കുറിച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യം ഇപ്പോഴും നാട്ടുകാരിലും ജനപ്രതിനിധികൾക്കിടയിലും ശക്തമാണ്. അപകടത്തെ റെയിൽവേ പാടെ മറന്നുവെങ്കിലും പെരുമണിലെ നാട്ടുകാരും വിവിധ സംഘടനകളും മുടക്കം കൂടാതെ ദുരന്ത വാർഷിക ആചരണം സംഘടിപ്പിക്കുന്നുണ്ട്.