സ്വന്തം ലേഖകൻ
കൊല്ലം: രാജ്യത്തെ ഞെട്ടിച്ച 105 പേരുടെ മരണത്തിന് ഇടയാക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 31 വയസ്. 1988 ജൂലൈ 8നാണ് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഐലന്റ് എക്സ്പ്രസ് പെരുമൺ പാലത്തിന് സമീപത്തുനിന്ന് അഷ്ടമുടി കായലിലേയ്ക്ക് പതിച്ച് അപകടം ഉണ്ടായത്.നിരവധി പേർക്ക് പരിക്കേൽക്കുയും ചെയ്തു. ദുരന്തം സംഭവിച്ചതിനുശേഷം റെയിൽവേ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി.
സേഫ്റ്റി കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ ടൊർണാഡോ എന്ന ചുഴലിക്കാറ്റാണ് അപകടത്തിന് കാരണമായതെന്നായിരുന്നു വിലയിരുത്തൽ.ഇത് ട്രെയിനിലെ യാത്രക്കാരും അഷ്ടമുടി കായലിന് സമീപത്ത് താമസിക്കുന്നവരും രക്ഷാ പ്രവർത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ പോലും വിശ്വസിക്കുന്നുമില്ല. ഇത്തരത്തിൽ ഒരു കാറ്റ് പാലത്തിന് സമീപം മാത്രം വീശിയടിച്ചു എന്ന റെയിൽവേയുടെ വാദം അവിശ്വസനീയമാണെന്ന് തന്നെയാണ് നാട്ടുകാർ ഒറ്റക്കെട്ടായി പറയുന്നു.
31 വർഷം പിന്നിട്ടപ്പോൾ റെയിൽവേ പോലും ഈ ദുരന്തത്തെ വിസ്മരിച്ച മട്ടാണ്. ദുരന്തത്തിന്റെ സ്മാരകമായി ഒരു സ്തൂപം മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. അന്ന് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ പോലും റെയിൽവേ അവഗണിച്ച മട്ടാണ്. എന്നാലും ദുരന്ത സ്മരണകൾ പേറി മരിച്ച നിരവധി പേരുടെ ബന്ധുക്കൾ ഇപ്പോഴും അപകടത്തിന്റെ വാർഷിക ദിനത്തിൽ ഇവിടെ എത്താറുണ്ട്.
വിവിധ സംഘടനകളും വർഷംതോറും മുടങ്ങാതെ അനുസ്മരണ പരിപാടികളും നടത്താറുണ്ട്.ഇത്തവണയും ഈ ചടങ്ങുകൾക്ക് മുടക്കമില്ല. ചില സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും ഇച്ഛാശക്തിയിലാണ് അനുസ്മരണ പരിപാടികൾ. പുഷ്പാർച്ചന, സമൂഹപ്രാർഥന, അനുസ്മരണ സമ്മേളനം, ചിക്കൻപോക്സ് പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാന്പ് എന്നിവയാണ് ഇക്കുറി നടത്തുന്നത്.
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ലൈഫ് മെന്പേഴ്സ്, കടപ്പായിൽ ഹോമിയോ നഴ്സിംഗ് ഹോം, കേരള പ്രതികരണ വേദി, ഫ്രണ്ട്സ് ഒഫ് ബേർഡ്സ്, കൺസ്യൂമർ ഫെഡറേഷൻ ഒഫ് കേരള എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള കമ്മിറ്റിയാണ് അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.