എസ്.ആർ. സുധീർ കുമാർ
കൊല്ലം: സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ട്രെയിൻ ദുരന്തമായ പെരുമൺ തീവണ്ടിയപകടത്തിന് ജൂലൈ എട്ടിന് 35 വയസ്. അപകടത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതം.
റെയിൽവേ രണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചു. അവരുടെ കണ്ടെത്തലുകൾ അവിശ്വസനീയം. അപകടം സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്ന എൻ.കെ.പ്രേമചന്ദ്രൻ എംപി അടക്കമുള്ളവരുടെ ആവശ്യത്തിന് ‘അതൊരു അടഞ്ഞ അധ്യായം” എന്നാണ് റെയിൽവേയുടെ നടപടി.
1988 ജൂലൈ എട്ടിനാണ് രാജ്യത്തെ നടുക്കിയ പെരുമൺ തീവണ്ടി അപകടം നടന്നത്. ഉച്ചയ്ക്ക് 1.15 നായിരുന്നു സംഭവം. അന്ന് വെള്ളിയാഴ്ചയായിരുന്നു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് വന്ന ഐലന്റ്് എക്സ്പ്രസിന്റെ പത്ത് ബോഗികളാണ് പെരുമൺ പാലത്തിൽ പാളം തെറ്റിയത്.
ഇതിൽ നാല് ബോഗികൾ പൂർണമായും പാലത്തിന് താഴെ അഷ്ടമുടി കായലിൽ പതിച്ചു. അപകടത്തിൽ അന്യ സംസ്ഥാനക്കാരടക്കം 105 പേർ മരിച്ചു എന്നാണ് കണക്ക്.
200ലധികം പേർക്ക് പരിക്കേറ്റു. സംഭവസമയത്ത് കായലിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവർത്തകരും ജീവൻ പണയം വച്ച് രക്ഷാ പ്രവർത്തനം നടത്തിയത് കാരണം നിരവധി പേരെ രക്ഷിക്കാൻ കഴിഞ്ഞു.
അപകടം സംബന്ധിച്ച് റെയിൽവേ സുരക്ഷാ കമ്മീഷണർ സൂര്യനാരായണയാണ് ആദ്യം അന്വേഷണം നടത്തിയത്. ടൊർണാഡോ എന്ന ചുഴലിക്കാറ്റാണ് അപകടം വരുത്തി വച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ട്.
പിന്നീട് റിട്ട. എയർ മാർഷൽ സി.എസ്. നായിക്കും ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്തി.അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ റെയിൽവേയുടെ അനാസ്ഥ സംബന്ധിച്ച സൂചനകൾ പുറത്ത് വന്നിരുന്നെങ്കിലും അന്തിമ റിപ്പോർട്ട് വന്നപ്പോൾ ചുഴലിക്കാറ്റിനെ തന്നെയാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
രണ്ട് റിപ്പോർട്ടുകളിലും ഒട്ടേറെ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും മരിച്ചവരുടെ ബന്ധുക്കൾ അടക്കമുള്ളവരും ഇപ്പോഴും പറയുന്നു.
മാത്രമല്ല സംഭവ സമയത്ത് ഈ മേഖലയിൽ ചെറു കാറ്റ് പോലും ഉണ്ടായിട്ടില്ലന്ന് നാട്ടുകാരും പറയുന്നു. അപകടത്തിന് കാരണം റെയിൽവേയുടെ അനാസ്ഥയാണെന്ന് കണ്ടെത്തിയാൽ മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും വൻ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരും.
ഇത് ഒഴിവാക്കാൻ തട്ടിക്കൂട്ട് അന്വേഷണം മാത്രമാണ് നടന്നതെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.അതുകൊണ്ടാണ് അപകടം സംബന്ധിച്ച് പുനരന്വേഷണം വേണമെന്ന് എംപിമാർ അടക്കമുള്ളവരും നാട്ടുകാരും ആവശ്യപ്പെട്ടത്.
ജുഡീഷൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ ഇതിനോടെല്ലാം റെയിൽവേ മന്ത്രാലയം എല്ലാ അവസരങ്ങളിലും മുഖം തിരിച്ചു. ഇപ്പോൾ റെയിൽവേ അധികൃതർ അപകടത്തെ പൂർണമായും മറന്ന മട്ടാണ്.
ദുരന്തം നടന്ന പാലത്തിന് അൽപ്പം മാറി നാട്ടുകാർ ഒരു സ്മാരക സ്തൂപം നിർമിച്ചിട്ടുണ്ട്. അപകടത്തിന്റെ ഏക സാക്ഷ്യപത്രവും ഇതുതന്നെ.
എല്ലാവർഷവും ജൂലൈ എട്ടിന് മരിച്ചവരിൽ ചിലരുടെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും എത്തി പുഷ്പാർച്ചന നടത്തി മടങ്ങും.
പെരുമൺ ട്രയിൻ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 35 വർഷമായി ദുരന്ത വാർഷികം ആചരിക്കുന്നുണ്ട്. ഇക്കുറിയും പുഷ്പാർച്ചനയും സ്മൃതി പൂജയും നടക്കുമെന്ന് കമ്മിറ്റി ചെയർമാൻ ഡോ.കെ.വി.ഷാജി പറഞ്ഞു.