പെരുന്പടവ്: അങ്കണവാടിയിൽ നിന്നും മലവിസർജനം ചെയ്ത കുട്ടിയുടെ മലവും അടിവസ്ത്രവും ബാഗിൽവച്ചു വീട്ടിലേക്കു കൊടുത്തുവിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കുറ്റൂർ കണ്ണങ്കാട് അങ്കണവാടിയിലായിരുന്നു സംഭവം.
മലവിസർജനം ചെയ്ത കുട്ടിയുടെ അടിവസ്ത്രം പൊതിഞ്ഞു ബാഗിൽ വച്ചു വീട്ടിലേക്കു കൊടുത്തുവിടുകയായിരുന്നുവെന്നാണു പരാതി. കുട്ടി വീട്ടിൽ എത്തിയപ്പോൾ ബാഗും വാട്ടർബോട്ടിലും മലം പുരണ്ട നിലയിലായിരുന്നു.
അങ്കണവാടി വർക്കറെ നിയമിച്ചതു രാഷ്ട്രീയ മാനദണ്ഡങ്ങൾ മാത്രം നോക്കിയാണെന്നും യോഗ്യത പരിഗണിച്ചില്ലെന്നും എരമം-കുറ്റൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
യോഗ്യതയില്ലാത്തവരെ നിയമിച്ചതാണ് ഇത്തരം സംഭവത്തിനു വഴിതെളിച്ചതെന്നും ശിശുക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നടന്ന ശിശുദ്രോഹ നടപടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.