അപ്പുവിന്റെ ആ നിബന്ധന ഞങ്ങള്‍ സ്വീകരിക്കുകയായിരുന്നു! സിനിമ ഇറങ്ങിയശേഷമുള്ള പ്രതികരണത്തെക്കുറിച്ച് അവന്‍ ഇതുവരെ ചോദിച്ചിട്ടുമില്ല; പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ പറയുന്നു

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണം ചെയ്ത ചിത്രം ആദി വന്‍ പ്രേക്ഷകപ്രീതി നേടുകയുണ്ടായി. താരപുത്രന്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് ചിത്രത്തെക്കുറിച്ച് മലയാളികള്‍ക്ക് മുഴുവന്‍ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കാത്ത രീതിയില്‍ ചിത്രം വന്‍ വിജയമാവുകയും ചെയ്തു.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം പ്രണവ് മോഹന്‍ലാല്‍ ഹിമാലയ യാത്രയിലായിരുന്നതും ചര്‍ച്ചയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരും കടുത്ത ടെന്‍ഷനിലും സമ്മര്‍ദത്തിലും കഴിയവേ പ്രണവ് കൂളായി ഹിമാലയന്‍ യാത്ര നടത്തിയതിന്റെ രഹസ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ലാല്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തും ആദിയുടെ നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അദ്ദേഹം പറയുന്നതിങ്ങനെ…

ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍ പ്രണവ് ചില നിബന്ധനകള്‍ വെച്ചിരുന്നു. ആദിക്ക് ശേഷം അടുത്ത സിനിമ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഒരു നിബന്ധന. മറ്റൊന്ന്, സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടികള്‍ പങ്കെടുക്കില്ലെന്നുമായിരുന്നു അത്.

അതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പ്രണവ് ഹിമാലയന്‍ യാത്രക്കായി പോയി. യാത്രക്കിടെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അതേസമയം സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് പ്രണവിനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താന്‍ കഴിയുമോ എന്ന് പ്രണവ് തന്നോട് ചോദിച്ചിരുന്നു. സിനിമ ചെയ്യുകയെന്നതായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ അപ്പുവിന്റെ ആ നിബന്ധന ഞങ്ങള്‍ സ്വീകരിച്ചിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ. അതുകൊണ്ട് അപ്പുവിനെ വിളിച്ചില്ല. ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ആദി ഇറങ്ങിയ ശേഷമുള്ള പ്രതികരണത്തെകുറിച്ച് പ്രണവ് ചോദിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചറിയിക്കാന്‍ ഫോണ്‍ പരിധിക്ക് പുറത്താണ്. ആദിയുടെ റിലീസിംഗ് സമയത്ത് എല്ലാവരും ഭയങ്കര ടെന്‍ഷനിലായിരുന്നു. ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല. മികച്ച പ്രതികരണമാണെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായത്.

ആദിയുടെ റിലീസിന് മുമ്പ് തന്നെ പ്രണവിനെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അടുത്ത ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന ഒരു നിബന്ധന പ്രണവ് നേരത്തെ വെച്ചിരുന്നു. ആദി റിലീസ് ആയിട്ടും അതിന്റെ ഒരു പ്രൊമോഷന്‍ പരിപാടികള്‍ക്കും പ്രണവ് നിന്നുകൊടുത്തിട്ടില്ല.

Related posts