കൊച്ചി: എംസി റോഡിൽ പെരുന്പാവൂർ കാരിക്കോട് വളവിൽ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തു. പെരുന്പാവൂരിലെയും ആലുവയിലെയും സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യ നിലയിൽ ആശങ്കവേണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ കഴിയുന്ന ഇവരെ വരും ദിവസങ്ങളിൽ മുറികളിലേക്കു മാറ്റുമെന്നും അധികൃതർ പറഞ്ഞു. ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ കഴിഞ്ഞ ദിവസം രാത്രി 11.55ന് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരും ഇടുക്കി ഏലപ്പാറ സ്വദേശികളുമായ അഞ്ചു യുവാക്കളാണ് മരിച്ചത്.
നെടുന്പാശേരി വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കാറും ആന്ധ്രയിൽനിന്ന് അയ്യപ്പഭക്തരുമായി ശബരിമലയ്ക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. ഏലപ്പാറ ഫെയർഫീൽഡ് എസ്റ്റേറ്റിൽ സ്റ്റീഫന്റെ മകൻ ജിനേഷ് (22), സെബിനിവാരി എസ്റ്റേറ്റിൽ ഹരിയുടെ മകൻ കിരണ്‍ (22), ചെമ്മണ്ണ് എസ്റ്റേറ്റിൽ റോയിയുടെ മകൻ ഉണ്ണി (22), ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ യേശുദാസിന്റെ മകൻ ജെറിൻ (20), ഡ്രൈവറും കോഴിക്കാനം മൂലയിൽ വിൽസന്റെ മകനുമായ വിജയൻ (25) എന്നിവരാണു മരിച്ചത്.
ജെറിന്റെ സഹോദരൻ ജിബിൻ (24), ചെമ്മണ്ണ് എസ്റ്റേറ്റിൽ സോമരാജിന്റെ മകൻ അപ്പു (സുജിത്-22) എന്നിവർക്കാണു പരിക്കേറ്റിരുന്നത്. ജിബിൻ പെരുന്പാവൂർ സാൻജോ ആശുപത്രിയിലും സുജിത്ത് ആലുവ രാജഗിരി ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.