പെരുമ്പാവൂർ: യുവാവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തെ തുടർന്നാണ് എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നത്.
അതേസമയം മെഡിക്കൽ പരിശോധനകൾക്കായി പെരുന്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച കേസിലെ പ്രതികൾക്കുനേരേയും ആക്രമണം നടന്നിരുന്നു.
ഇത് തടയാൻ ശ്രമിക്കുന്നതിനിടെ എസ്ഐ ഉൾപ്പെടെ പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇയാൾ എത്തിയ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്നു കാറിൽ നടത്തിയ പരിശോധനയിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും മയക്കുമരുന്നും കണ്ടെടുത്തു. വെടിയേറ്റ ആദിൽ ഷായുടെ (24) സുഹൃത്തായ റെനീഷ് (28) നെയാണ് കസ്റ്റഡിയിലെടുത്തത്.
കേസിൽ കീഴടങ്ങിയ ഏഴു പേരിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തണ്ടേക്കാട് സ്വദേശികളായ മഠത്തുംപടി വീട്ടിൽ മുഹമ്മദ് നിസാർ (33), നിസാറിന്റെ സഹോദരൻ മഠത്തുംപടി വീട്ടിൽ സഫീർ (27), കൊടവത്താൻ വീട്ടിൽ അഷിഖ് (27), പുത്തൻവീട്ടിൽ അൽത്താഫ് അക്ബർ (23), വേങ്ങൂർ സ്വദേശി മാഞ്ഞൂരാൻ വീട്ടിൽ നിതിൻ രാജ് (28) എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ ഉൾപ്പെട്ട ഏഴ് പേരിൽ അഞ്ചുപേർ ബുധനാഴ്ച്ച തന്നെ പോലീസിൽ കീഴടങ്ങിയിരുന്നു. കേസിൽ രണ്ടുപേർ കൂടി പോലീസ് കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന. ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്നാണ അറിയുന്നത്.
തണ്ടേക്കാട് സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ സലീമിന്റെ മകൻ ആദിൽ ഷായെയാണ് പ്രതികൾ മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ചത്. കേസിലെ പ്രതികളിൽ ഒരാളായ നിസാറും ആദിൽഷായും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചത്.
ഇരുവരും തമ്മിൽ ചൊവ്വാഴ്ച്ച രാത്രിയിൽ തർക്കം നടന്നിരുന്നു. തുടർന്ന് തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞാണ് ആദിലിനെ വിളിച്ചുവരുത്തി ആക്രമണം നടത്തുകയായിരുന്നു.
ആദിലിന് നേരേ മൂന്ന് തവണ നിറയൊഴിച്ചിട്ടുണ്ട്. കൂടാതെ നിരവധി വെട്ടുകളും ശരീരത്തിലുണ്ട്. ഗുരുതരമായി പരിക്കേറ്റ ആദിൽ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ വെടിവെച്ചറിവോൾവറിന് ലൈസൻസ് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ തോക്ക് ഇതുവരെ കണ്ടെത്തിയതായി പോലീസ് വെളുപ്പെടുത്തിയിട്ടില്ല.