പെരുമ്പാവൂർ: പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേർ വീടിനുളളിൽ ദുരൂഹ സാഹചര്യത്തിൽ രണ്ടു കയറിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചേലാമറ്റം പാറപ്പുറത്തുകുടി വീട്ടിൽ പത്ഭനാഭന്റെ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരാണ് വീടിനകത്ത് ഇരു കയറുകളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴിന് പാൽ വാങ്ങാൻ എത്തിയ അയൽവാസി വിളിച്ചിട്ടും വീട്ടിൽനിന്ന് ആരും പുറത്തു വരാത്തതിനെത്തുടർന്നു സമീപവാസികളെ വിളിച്ചുവരുത്തി വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുടുംബം തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഭക്ഷണത്തിൽ എന്തെങ്കിലും ചേർത്ത് കഴിച്ച ശേഷം തൂങ്ങിയതാണെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് മരണകാരണം വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.
റൂറൽ എസ്പിയും ഫോറൻസിക് വിദഗ്ദരും മറ്റും എത്തി പരിശോധന നടത്തുന്നു. ഉച്ചയോടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റും. ചിട്ടി നടത്തിപ്പിനെത്തുടർന്ന് ബിജുവിന് ലക്ഷങ്ങൾ ബാധ്യതയുണ്ടായിരുന്നതായി പറയുന്നു.
വർഷങ്ങളായി ഫൈനാൻസ് നടത്തുന്ന ബിജു ഇന്ന് പലർക്കും പണം നൽകാമെന്ന് പറഞ്ഞിരുന്നു. മരിക്കുന്നതിനു മുൻപായി എഴുതിവച്ച കത്തും പോലീസ് കണ്ടെടുത്തു. ഇതിൽ സാമ്പത്തിക ബാധ്യതകളെ പറ്റി സൂചിപ്പിച്ചിട്ടുണ്ട്.
ബന്ധുക്കളുമായി അകന്ന് കഴിയുന്ന ഇവരുടെ മൃതദേഹം അവരെ കാണിക്കരുതെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ വീടിന്റെ ഭിത്തിയിൽ കുറിപ്പും എഴുതിയിട്ടുണ്ട്. നിരവധി പേർ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു. പുലർച്ചെ മൂന്നിന് ശേഷമാണ് മരണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
ഹാളിലെ ഹുക്കിൽ പിതാവും മകനും ബെഡ് റൂമിലെ ഹുക്കിൽ അമ്മയും മകളുമാണ് ഒരു കയറിൽ ഇരുവശത്തുമായി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ആദിത്യ പത്താം ക്ലാസ് വിദ്യാർഥിനിയും അർജുൻ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോലീസ് കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റും.