പെരുമ്പാവൂർ: ഒറീസാ സ്വദേശിയായ യുവാവ് ഭാര്യയെ വെട്ടി ക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നൂലേലി
പള്ളിപ്പടിക്ക് സമീപം വാടകക്ക് താമസിക്കുന്ന ഒറീസ സ്വദേശി വിഷ്ണു കാരത് പ്രതാൻ (26) ആണ് ഭാര്യ സിൽക്കാന പ്രതാൻ (23) നെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
പ്ലൈവുഡ് തൊഴിലാളികളായ ഇവർ എന്നും രാവിലെ സമീപത്തെ ടാപ്പിൽ വെള്ളം എടുക്കുന്നതിനായി എത്തുമായിരുന്നു. ഇന്ന് രാവി ലെ ഇവർ വെള്ളമെടുക്കാൻ എത്താതിരുന്നതിനെ തുടർന്നു സമീപത്തെ മുറിയിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാരിയായ യുവതി ചെന്ന് നോക്കിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
തുടർന്ന് ഇക്കാര്യം കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ ഭാര്യ വെട്ടേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
ഒരു മാസം മുൻപാണ് ഇവർ ജോലിക്കായി ഇവിടെയെത്തിയത്. കൂടുതൽ വിവരം അറിവായിട്ടില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് വരുന്നു.