പെരുമ്പാവൂർ: ഇതരസംസ്ഥാനക്കാരുടെ ക്രൂരതയ്ക്കു പെരുമ്പാവൂർ വീണ്ടും സാക്ഷിയാകുമ്പോൾ ഇതിനു തടയിടാനാകെ കുഴങ്ങുകയാണ് നിയമപാലകർ. പെരുമ്പാവൂർ നഗരത്തിൽ കുറുപ്പംപടി സ്വദേശിനിയായ യുവതിയെ ആസാം സ്വദേശി ഉമർ അലി എന്ന തൊഴിലാളി ഇന്നലെ പുലർച്ചെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. പെരുമ്പാവൂരിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചുവരികയാണ്.
പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നതും ഇതരസംസ്ഥാന തൊഴിലാളിയായിരുന്നു. നല്ല സ്വഭാവക്കാരായ ഇതരസംസ്ഥാനക്കാർ ഏറെയുണ്ടെങ്കിലും ക്രൂരമുഖങ്ങളുള്ള ക്രമിനലുകളായ നിരവധിയാളുകൾ ഇവർക്കിടയിലുണ്ട്. സ്വദേശത്ത് കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം നാടുവിട്ട് പോരുന്നവരിൽ ഏറെയും എത്തുന്നത് കേരളത്തിലേക്കാണ്. ഏറ്റവും കൂടുതൽ ഇതരസംസ്ഥാനക്കാർ വസിക്കുന്നതു പെരുമ്പാവൂരിലും.
ഇവരിൽ പലരുടെയും കൈവശമുള്ള രേഖകൾ വ്യാജമാണെന്നതാണു മറ്റൊരു വസ്തുത. ഇവരെ പോലുള്ളവർക്ക് മലയാളികളായവരും ഒത്താശചെയ്ത് നൽകുന്നുണ്ടെന്നതും വസ്തുതയാണ്. കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലും ഇവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന് അധികാരികളുടെ പക്കൽ ഉത്തരമില്ല.പെരുമ്പാവൂർ പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരം രാത്രിയായാൽ ഇതരസംസ്ഥാനക്കാരുടെ അഴിഞ്ഞാട്ട കേന്ദ്രമാകുകയാണ്. ലൈംഗിക തൊഴിലാളികളും ലഹരി വിൽപനക്കാരും ഇവിടെ തന്പടിക്കുന്നു.
ഞായറാഴ്ചകളിൽ പെരുമ്പാവൂരിലേക്ക് ഒഴുകിയെത്തുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിന് കണക്കില്ല. എവിടെനിന്നാണ് ഇവർ എത്തുന്നതെന്നും അറിയില്ല. ഇത്തരത്തിൽ വരുന്നവർക്കായി പല സൗകര്യങ്ങളും പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും ഒരുക്കിവയ്ക്കുന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് പെരുമ്പാവൂരിലാണ്.
കഴിഞ്ഞ കുറേനാളുകളായി പെരുമ്പാവൂരിൽ നടന്ന കൊലപാതകങ്ങളുടെ കണക്കെടുത്താൻ 90 ശതമാനവും ഇതരസംസ്ഥാനക്കാർ ഉൾപ്പെട്ട കേസുകളാണ്. ചെറിയ വാക്കേറ്റങ്ങൾ പോലും കൊലപാതകങ്ങളിൽ കലാശിക്കുന്ന സ്ഥിതിയാണ്. കൊലപാതകങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും കുറ്റത്യങ്ങൾ നടക്കുമ്പോൾ മാത്രം ആണ് അധികാരികൾ ഉണർന്ന് പ്രവർത്തിക്കുന്നത്. കുറ്റകൃത്യങ്ങൾക്ക് തടയിടണമെങ്കിൽ ശക്തമായ പോലീസ് ഇടപെടൽ ഉറപ്പാക്കണമെന്നു ജനങ്ങൾ ആവശ്യപ്പെടുന്നു.