പെരുന്പാവൂർ: കൊലകൊല്ലിയായി കാരിക്കോട് വളവ്, തിരിഞ്ഞു നോക്കാതെ അധികൃതരും. എംസി റോഡിൽ ഇന്നു രാവിലെ കാർ യാത്രികരായ അഞ്ചു യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സ്ഥലം ദുരന്ത മേഖലയെന്നു നാട്ടുകാർ പറയുന്നു. ദിവസങ്ങൾക്കുമുന്പ് സ്ഥലത്ത് നിയന്ത്രണംവിട്ട കഐസ്ആർടിസി സ്കാനിയ ബസ് റോഡരികിലെ വീട് ഇടിച്ചു തകർത്ത സംഭവമുണ്ടായി.
ഈ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റിരുന്നു. ഇതിന്റെ നടുക്കം മാറുന്നതിനു പിന്നാലെയാണു നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു അപകടം നടന്നത്. എംസി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിലാണു കാരിക്കോട് വളവ്. സ്ഥലത്തെ അപകടപരന്പരയെത്തുടർന്നു നിരവധി തവണ നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും മറ്റും സമീപിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം കഐസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടപ്പോഴെങ്കിലും അധികൃതർ കണ്ണു തുറന്നിരുന്നെങ്കിൽ അപകടം ഒഴിവായേനേ എന്നാണ് നാട്ടുകാർ പറയുന്നത്. വീതി കുറഞ്ഞ ഇവിടെ ദിശാബോർഡുകൾ ഒന്നുംതന്നെയില്ല. കൂടാതെ അപകടം നടന്ന റോഡിന്റെ ഒരു ഭാഗം താഴ്ന്ന നിലയിലാണ്. ഇവിടെ കുറ്റികളോ മുന്നറിയിപ്പ് സംവിധാനങ്ങളോയില്ല. കാലടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വളവുണ്ടെന്നു ശ്രദ്ധിക്കാതെ അപകടത്തിൽപ്പെടുന്നതും പതിവ്.
ബൈക്ക് യാത്രികർ ഉൾപ്പെടെ ആഴ്ചയിൽ ഒരപകടമെങ്കിലും നടക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. സീബ്ര ലൈൻപോലുമില്ലാത്ത റോഡിൽ മഴ പെയ്താൽ റോഡ് കാണാൻപോലും സാധിക്കില്ല. കഴിഞ്ഞ ദിവസം കഐസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടതിനു പിന്നാലെ മറ്റൊരു ബൈക്ക് അപകടവും സംഭവിച്ചിരുന്നു. നിസാര പരിക്കുകളോടെയാണു ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്. ദിനവും അപകടം വർധിക്കുന്പോൾ അധികൃതർ നിസംഗത വെടിഞ്ഞു രംഗത്തെത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.