കൊച്ചി: പെരുന്പാവൂർ കീഴില്ലം അന്പലംപടിയിൽ ഇരുനില വീട് ഇടിഞ്ഞു താഴ്ന്ന് താഴത്തെ നിലയിൽ കുടുങ്ങിയ പതിമൂന്ന് വയസുകാരൻ മരിച്ചു.
ആറുപേരെ നാട്ടുകാരും ഫയർഫോഴ്സും എത്തി രക്ഷപെടുത്തി. വളയൻചിറങ്ങര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഹരിനാരായണൻ ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.50 നായിരുന്നു സംഭവം. അപകടം നടക്കുന്പോൾ വീട്ടിൽ ഏഴു പേരുണ്ടായിരുന്നു.
താഴത്തെ നിലയിലുണ്ടായിരുന്ന മുത്തച്ഛനെയും പതിമൂന്നുകാരനെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കുട്ടി മരണപ്പെടുകയായിരുന്നു.
പെരുന്പാവൂർ സൗത്ത് പരിത്തേലിപ്പടി വളയൻചിറങ്ങര കാവിൽതോട്ടം മനയ്ക്കൽ നാരായണൻ നന്പൂതിരിയുടെ വീടാണ് ഇടിഞ്ഞു താഴ്ന്നത്.
സംഭവസമയത്ത് താഴത്തെ നിലയിൽ നാരായണൻ നന്പൂതിരിയും കൊച്ചുമകൻ ഹരിനാരായണൻ നന്പൂതിരിയും മുകളിലത്തെ നിലയിൽ കുടുംബാംഗങ്ങളായ അഞ്ചു പേരും ഉണ്ടായിരുന്നു.
ഉച്ചത്തിലുള്ള ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന നാരായണൻ നന്പൂതിരി കട്ടിലിൽ കിടക്കുകയായിരുന്നു. സെറ്റിയിൽ ഇരിക്കുകയായിരുന്ന ഹരിനാരായണന്റെ ദേഹത്തേക്ക് വലിയ സ്ലാബ് വീഴുകയായിരുന്നു.
നാട്ടുകാരും പെരുന്പാവൂരിൽ നിന്ന് ഫയർ ഫോഴ്സും എത്തി വീട്ടിലുള്ളവരെ പുറത്തെത്തിച്ചു.
ഭിത്തിക്കിടയിൽ കുടുങ്ങിക്കിടന്ന മുത്തച്ഛനെയും കൊച്ചുമകനെയും സണ്ഷേഡിന്റെ ഭാഗങ്ങൾ മൂന്നു ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയാണ് പുറത്തെടുത്തത്.
ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏറെ വൈകാതെ ഹരി നാരായണൻ മരിക്കുകയായിരുന്നു.
85കാരനായ നാരായണൻ നന്പൂതിരി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് ഇരുവരെയും പുറത്തെത്തിക്കാനായതെന്ന് പെരുന്പാവൂർ ഫയർ സ്റ്റേഷൻ അസി. ഓഫീസർ സുബ്രഹ്മണ്യൻ പറഞ്ഞു.