ഷിജു തോപ്പിലാന്‍
പെരുമ്പാവൂര്‍: ഇടതു വലതു മുന്നണികളോട് ഇണങ്ങിയതിന്റെയും പിണങ്ങിയതിന്റെയും ചരിത്രമുണ്ട് പെരുമ്പാവൂരിന്.
വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇരുമുന്നണികളിലെയും തലയെടുപ്പുള്ള രണ്ടു നേതാക്കളുടെ പേരില്‍ അറിയപ്പെട്ട പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം ഇക്കുറി ആര്‍ക്കൊപ്പമെന്നതു പ്രവചനാതീതം.
15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എട്ടു തവണ ഇടതുമുന്നണി വിജയിച്ചപ്പോള്‍ ഏഴു തവണ മണ്ഡലം യുഡിഎഫിനൊപ്പം നിന്നു.
പ്രമുഖ ഇടതു സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള മൂന്നു തവണ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചപ്പോള്‍ മുന്‍ നിയമസഭാ സ്പീക്കറും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന് നാലുതവണ വിജയിച്ചു.
കഴിഞ്ഞതവണ പരാജയപ്പെട്ട സിപിഎമ്മിലെ സാജു പോള്‍ മൂന്നു തവണയും പി.ആര്. ശിവന് രണ്ടു തവണയും പെരുമ്പാവൂരിലെ എംഎല്‍എമാരായിരുന്നു. കോൺഗ്രസിലെ എല്‍ദോസ് കുന്നപ്പിള്ളിയാണു സിറ്റിംഗ് എംഎൽഎ.
പെരുമ്പാവൂര്‍ നഗരസഭയും ഒക്കല്‍, കൂവപ്പടി, മുടക്കുഴ, വെങ്ങോല, വേങ്ങൂര്‍, രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേക്കാൾ മണ്ഡലത്തിൽ 3,176 വോട്ട് അധികം യുഡിഎഫ് നേടിയിരുന്നു. പെരുന്പാവൂർ നഗരസഭാ ഭരണം എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കാനായത് യുഡിഎഫിന് ആത്മവിശ്വാസം കൂട്ടുന്നു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലും ഒക്കല്‍, കൂവപ്പടി, മുടക്കുഴ, വെങ്ങോല ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനായിരുന്നു ജയം. വേങ്ങൂര്‍, രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകൾ എല്‍ഡിഎഫ് നേടി. ബിജെപി മണ്ഡലത്തിലാകെ 19,092 വോട്ടു നേടി.
മണ്ഡലത്തിൽ ട്വന്റി 20യുടെ സാന്നിധ്യം മുന്നണികളെ സമ്മർദത്തിലാക്കുന്നുണ്ട്. വെങ്ങോല പഞ്ചായത്തില്‍ മത്സരിച്ച ട്വന്റി 20 എട്ടു വാര്‍ഡുകളില്‍ ജയിച്ചിരുന്നു.
ഇവര്‍ ആകെ 6,532 വോട്ടുകൾ നേടി. സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭൂരിപക്ഷം 7,080 ആണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ അവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാകും.
എല്‍ദോസ് കുന്നപ്പിള്ളി യുഡിഎഫില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. അടുത്തിടെ ആര്‍എസ്എസ് പരിപാടിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം അല്പം ക്ഷീണമുണ്ടാക്കിയെങ്കിലും മണ്ഡലത്തിലെ സജീവ സാന്നിധ്യവും വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിനു മുതൽക്കൂട്ടാണ്.
എല്‍ഡിഎഫില്‍ സിപിഎം മത്സരിച്ചിരുന്ന മണ്ഡലം ഇക്കുറി കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിനു വിട്ടുനല്‍കുമെന്നാണു സൂചന.
അങ്ങനയെങ്കില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ബാബു ജോസഫാകും സ്ഥാനാര്‍ഥി. നേരത്തെ ജില്ലാ പഞ്ചായത്തംഗമായിരുന്നു.
സിപിഎം തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ടെല്‍ക് ചെയര്‍മാനും ജില്ലാ കമ്മിറ്റി അംഗവുമായ എന്‍.സി. മോഹനന് പരിഗണിക്കപ്പെട്ടേക്കും. മുന്‍ എംഎല്‍എ സാജു പോളിന് ഒരവസരം കൂടി കൊടുക്കണമെന്ന് ആവശ്യപ്പെടുന്നവരും പാര്‍ട്ടിയിലുണ്ട്.