പെരുന്പാവൂർ: പെരുന്പാവൂരിൽ നാളുകളായി പുകഞ്ഞിരുന്ന മരവ്യവസായ മേഖലയിലെ തർക്കങ്ങൾ രൂക്ഷമാകുന്നു. മരവ്യവസായികളുടെ സംഘടനയായ സോപ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വെയ് ബ്രിഡ്ജും തടിമാർക്കറ്റും സംബന്ധിച്ച തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെരുന്പാവൂരിലെ തടി മാർക്കറ്റിൽ വാഗ്വാദങ്ങളും ചെറിയ തോതിലുള്ള സംഘർഷങ്ങളും പതിവാണ്. സംഘടനയിലെ പ്രശ്നങ്ങളും രൂക്ഷമായിട്ടുണ്ട്.
സംഘടന നടത്തുന്നത് പൊതു തടിമാർക്കറ്റാണെന്നു വാദിക്കുന്ന ഒരുപക്ഷവും സോസൽ എന്ന മരവ്യവസായികളുടെ കന്പനിയുടേതാണെന്നു വാദിക്കുന്ന മറുപക്ഷവും തമ്മിലാണ് പ്രശ്നങ്ങൾ ഉടലെടുത്തിട്ടുള്ളത്. പ്രശ്ന പരിഹാരത്തിനു പല ചർച്ചകളും നടന്നെങ്കിലും ഫലം കണ്ടില്ല. ഇതോടെ പെരുന്പാവൂർ പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഇരുകൂട്ടരും വിശദീകരണം നൽകുകയായിരുന്നു.
സോപ്മ പ്രസിഡന്റ് എം.എം. മുജീബ് റഹ്മാന്റെ ഏകപക്ഷീയമായ നടപടികളും പൊതു തടിമാർക്കറ്റിലെ ചില നിയന്ത്രണങ്ങളുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നു മരവ്യവസായിയായ വി.എം. അലിയാർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. തെറ്റു ചൂണ്ടിക്കാട്ടുന്നവരെ പല നടപടിക്രമങ്ങളുടെ പേരിൽ തടിമാർക്കറ്റിൽനിന്നു തടിയെടുക്കുന്നത് തടസപ്പെടുത്തുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് പെരുന്പാവൂരിലെ തടിമാർക്കറ്റിൽ സംഘർഷങ്ങളുണ്ടായതെന്നും അലിയാരും സംഘവും പറയുന്നു.
എതിർത്തു നിൽക്കുന്നവർക്ക് തടി നൽകാതിരിക്കാൻ വേണ്ടി മാത്രമാണ് അറ്റകുറ്റപ്പണിയുടെ പേരിൽ പെരുന്പാവൂരിലെ വെയ് ബ്രിഡ്ജ് അടച്ചിടുകയും പകരം പേഴക്കാപ്പിള്ളിയിൽ സംഘടനയ്ക്കു വേണ്ടി തടിതൂക്കി കച്ചവടം നടത്തുകയും ചെയ്യുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും വി.എം. അലിയാർ വ്യക്തമാക്കി. മരവ്യവസായികളായ സി.എം. ഇസ്മയിൽ, സി.കെ. അബ്ദുൾ മജീദ്, എ.എം. മുഹമ്മദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സംഘടനയുടെ തീരുമാനമനുസരിച്ച് മാത്രമേ താൻ പ്രവർത്തിച്ചിട്ടുള്ളൂ എന്ന് സോപ്മ പ്രസിഡന്റ് മുജീബ് റഹ്മാൻ പറഞ്ഞു.
പെരുന്പാവൂരിലെ തടി മാർക്കറ്റിൽ സ്ഥിരം തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് തടി തൂക്കലും കച്ചവടവും പേഴക്കാപ്പിള്ളിയിലേക്ക് മാറ്റിയത്. സംഘടനയിലെ മേഖല ഭാരവാഹികളുടെ യോഗം ചേർന്നാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇത് സംബന്ധിച്ച വിശദീകരണങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സംഘടനയിൽനിന്നു പിരിഞ്ഞുപോയവരും അച്ചടക്ക നടപടികൾ നേരിടുന്നവരുമാണ് പെരുന്പാവൂരിലെ തടി മാർക്കറ്റിൽ മനഃപൂർവം സംഘർഷങ്ങളുണ്ടാക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വിളിച്ചു കൂട്ടുന്ന സോപ്മ പൊതുയോഗത്തിൽ 80 ശതമാനം പേരും നിർദേശിക്കുന്ന ഏതൊരു തീരുമാനവും നടപ്പാക്കാൻ താൻ തയാറാണെന്നും മുജീബ് റഹ്മാൻ വ്യക്തമാക്കി.
പെരുന്പാവൂരിലെ പ്രധാന വ്യവസായമേഖലയിൽ ഉണ്ടായിരിക്കുന്ന ഭിന്നിപ്പും പ്രശ്നങ്ങളും വരും ദിവസങ്ങളിൽ രൂക്ഷമാകാനുള്ള സാധ്യതകളേറെയാണ്. പേഴക്കാപ്പിള്ളിയിലെ തടി മാർക്കറ്റിലും കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. പോലീസെത്തി ബലപ്രയോഗത്തിലൂടെയാണ് സംഘർഷക്കാരെ ഒഴിപ്പിച്ചത്.
ഈ പ്രദേശത്തുനിന്നു സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 20 പേരടങ്ങുന്ന ക്വട്ടേഷൻ സംഘത്തെയും പോലീസ് പിടികൂടിയിരുന്നു. രണ്ടുവാഹനങ്ങളിലായി എത്തിയ ഇവർക്ക് രണ്ടുപേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നു പോലീസ് പറയുന്നു.