തലശേരി: കുട്ടികൾ ഓടി കളിച്ചുകൊണ്ടിരുന്ന വീട്ടുമുറ്റത്തേക്ക് ഇഴത്തെത്തിയ പെരുമ്പാമ്പ് ഭീതി പരത്തി. കുട്ടക്കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ അതിസാഹസികമായി പെരുമ്പാമ്പിനെ പിടികൂടി.എന്നാൽ പെരുമ്പാമ്പിനെ പിടികൂടിയ നാട്ടുകാരെ വനംവകുപ്പും പോലീസും വട്ടം കറക്കി.
ഒടുവിൽ രാത്രിയിൽ പെരുമ്പാമ്പിനെ വനംവകുപ്പ് ഓഫീസിൽ എത്തിച്ച് നാട്ടുകാർ മടങ്ങി. ഇന്നലെ വൈകുന്നേരം ആറോടെ പുന്നോൽ താഴെവയലിലാണ് സംഭവം. പെരുമ്പാമ്പിനെ കണ്ട വിവരം വനം വകുപ്പിനെയും പോലീസിനെയും അറിയിച്ചെങ്കിലും സഹായവുമായി ആരും എത്തിയില്ല.
ഒടുവിൽ നഗരസഭാ കൗൺസിലൻ പ്രകാശന്റെ നേതൃത്വത്തിൽ നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. പെരുമ്പാമ്പിനെ പിടിച്ചശേഷം വനം വകുപ്പിനെ ബന്ധപ്പെട്ടപ്പോൾ പിടിച്ച സ്ഥലത്ത് തന്നെ ഇറക്കി വിടാനുള്ള നിർദേശമാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
തുടർന്ന് പാമ്പുമായി നാട്ടുകാർ ന്യൂമാഹി പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസും കൈയൊഴിഞ്ഞു. ഒടുവിൽ രാത്രി ഒമ്പതരയോടെ വനംവകുപ്പ് തലശേരിയിലെ ഓഫീസിൽ പാമ്പിനെ എത്തിച്ച് നാട്ടുകാർ മടങ്ങി. സംഭവത്തിൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ നിസഹകരണം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.