എടത്വ: രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് സ്ഥിരമായി കോഴിയ മോഷ്ടിച്ചിരുന്ന കള്ളൻ ഒടുവിൽ പിടിയിലായി. കോഴികൾ ഇനി മോഷണം പോവാതിരിക്കാൻ കള്ളനെ അവസാനം വനവാസത്തിനയച്ചു. സ്ഥിരം കോഴിമോഷ്ടാവായ പെരുന്പാന്പിനെയാണ് ഇന്നലെ വീട്ടുകാർ പിടികൂടി വനവാസത്തിനയച്ചത്.
എടത്വ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് പൂവത്തുചിറ എലിസമ്മയുടെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 11.30 തോടെ വീടിന്റെ മുൻവശത്തു തന്നെ സ്ഥാപിച്ചിട്ടുള്ള കോഴിക്കൂട്ടിൽ കോഴികളുടെ ബഹളം കേട്ട് ചെന്നു നോക്കിയപ്പോൾ പെരുന്പാന്പ് കോഴിയെ അകത്താക്കുന്നത് കാണുകയായിരുന്നു.
ഇതിനോടകം മൂന്നു കോഴികളെ വിഴുങ്ങിയ പാന്പ് മറ്റൊരു കോഴിയെ കൊന്നിടുകയും ചെയ്തിരുന്നു. വീട്ടുകാർ ഉടൻ തന്നെ മറ്റു കോഴികളെ പുറത്താക്കി വലയിട്ട് കൂട് മൂടി പെരുന്പാന്പിനെ പുറത്തിറക്കാതെ കാവൽ നിൽക്കുകയും ചെയ്തു. വീട്ടുകാർ പഞ്ചായത്ത് അംഗം ബെറ്റി ജോസഫിനെ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പധികൃതരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി ഏഴടിയിലേറെ നീളം വരുന്ന പാന്പിനെ ചാക്കിലാക്കി. പിടിയിലായ പെരുന്പാന്പിനെ കോന്നി വനം മേഖലയയിൽ ഉൾകാട്ടിൽ തുറന്നുവിടാനായി കൊണ്ടുപോവുകയും ചെയ്തു.
പല വീടുകളിലും ഒന്നും രണ്ടു കൊഴികളെ കാണാതാകുന്നത് പതിവായിരുന്നങ്കിലും ആരും കാര്യമാക്കിയിരുന്നില്ല. തരിശുകിടക്കുന്ന പാടങ്ങളിലും, പോളതിങ്ങി കിടക്കുന്ന തോടുകളിലും യഥേഷ്ടം പാന്പുകൾക്ക് വസിക്കാൻ കഴിയുമെന്നതിനാൽ നിരവധി സ്ഥലങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം ഉണ്ട്. കഴിഞ്ഞ വർഷം മരിയാപുരം കൈതമുക്കിനു സമീപം കോഴിക്കൂട്ടിൽ കയറിയ പെരുന്പാന്പ് ഏഴു കോഴികളെ അകത്താക്കിയ സംഭവവും, ആട്ടിൻകുട്ടിയെ കൊന്നിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.