കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിൽ പാറപ്പുറം, പുതിയേടം തുടങ്ങിയ ജനവാസ പ്രദേശങ്ങളിൽ മലന്പാന്പ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാട് വെട്ടിതെളിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവർ തയാറാവാത്തതിൽ പ്രതിഷേധിച്ച് 21 ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതീകാത്മക സർപ്പപൂജ നടത്തി പ്രതിഷേധിക്കുമെന്ന് ബിജെപി കാഞ്ഞൂർ പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് ബിനു വൈപ്പുമഠം, ജനറൽ സെക്രട്ടറി ടി.എൻ. അശോകൻ എന്നിവർ അറിയിച്ചു.
പഞ്ചായത്തിന്റെ പല പ്രദേശങ്ങളും പ്രത്യേകിച്ച് കാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗവും കാടുപിടിച്ച് കിടക്കുന്ന നിലയിലാണ്. ഈ ഭാഗത്ത് പാന്പിന്റെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ആറോളം മലന്പാന്പുകളെയാണ് കാടുപിടിച്ച് കിടക്കുന്ന ഇത്തരം പറന്പുകളിൽനിന്നു നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറിയിട്ടുള്ളത്.
കാടുപിടിച്ച ഭൂമി കണ്ടെത്തി കൃഷിഭവന്റെ സഹകരണത്തോടെ തൊഴിലുറപ്പു തൊഴിലാളികൾക്കോ, കുടുംബശ്രീ അംഗങ്ങൾക്കോ പാട്ടത്തിനു നൽകി കൃഷി ചെയ്യണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.