കോട്ടയം: പാറന്പുഴ ഫോസ്റ്റ് ഓഫീസിൽ മുട്ട വിരിഞ്ഞിറങ്ങിയ 22 പെരുന്പാന്പിൻ കുഞ്ഞുങ്ങളെ ഒരാഴ്ചയ്ക്കുശേഷം പന്പാ വനത്തിൽ തുറന്നു വിടും.
പാറന്പുഴ ഫോറസ്റ്റ് ഓഫീസിലെ സ്പെഷൽ ഇൻസ്പെക്ഷൻ ആൻഡ് പ്രൊട്ടക്ഷൻ വിഭാഗത്തിലാണു ഞായറാഴ്ച രാത്രി മുതൽ പാന്പിൻ മുട്ടകൾ വിരിയാൻ തുടങ്ങിയത്.
ഏകദേശം ഒരു മാസം മുന്പ് കാവാലം കൃഷ്ണപുരത്തിനു സമീപത്തെ ആളോഴിഞ്ഞ പറന്പിൽനിന്നാണ് ഫോറസ്റ്റ് വിഭാഗത്തിനു പെരുന്പാന്പിനെ മുട്ടകൾ ഉൾപ്പെടെ കിട്ടിയത്. തുടർന്നു പാന്പിനെയും മുട്ടകളെയും ചാക്കിലാക്കി ഫോറസ്റ്റ് ഓഫീസിലെത്തിച്ചു.
മുട്ടയോടു കൂടി കിട്ടുന്ന പാന്പുകളെ രണ്ടു ദിവസത്തിനകം തുറന്നുവിടണമെന്ന നിയമമനുസരിച്ചു പെരുന്പാന്പിനെ എരുമേലി വനത്തിലേക്ക് തിരിച്ചയച്ചു. 27 ദിവസം മുട്ട ഓഫീസിൽ സൂക്ഷിച്ചു. പല്ലി, ചെറിയ പുൽച്ചാടി എന്നിവയൊണു പാന്പിൻകുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകുന്നത്.
സ്പെഷൽ ഇൻസ്പെക്ഷൻ ആൻഡ് പ്രൊട്ടക്ഷൻ ഓഫീസിലെ വാച്ചർ കെ.എ. അബീഷ്, എസ്എഫ്ഒ ജയേന്ദ്രകുമാർ, ഡ്രൈവർ ബിനോയി, സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണു മുട്ടകൾ വിരിയിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയത്.
മണർകാട് നിന്നു കിട്ടിയ കണ്ണിനു പരിക്കേറ്റ കുറുനരിയെയും ഫോറസ്റ്റ് ഓഫീസിൽ സംരക്ഷിക്കുന്നുണ്ട്. ഇതിനെയും അടുത്തദിവസം വനത്തിലേക്കു തിരിച്ചയയ്ക്കും.