പെരുന്പെട്ടി: പെരുന്പെട്ടിയിലെ കർഷകരുടെ കൈവശഭൂമി പൂർണമായും വനപരിധിക്ക് പുറത്താണെന്നും ഭൂമിപതിവ് ചട്ടപ്രകാരം പട്ടയം നൽകാവുന്നതാണെന്നും പത്തനംതിട്ട ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. റവന്യുവകുപ്പ് നിർദേശപ്രകാരം പഠനം നടത്തി തയാറാക്കിയ റിപ്പോർട്ട് വകുപ്പുദ്യോഗസ്ഥർക്കു കൈമാറി.
61 വർഷം നീണ്ട സാങ്കേതിക കുരുക്കാണ് കളക്ടറുടെ റിപ്പോർട്ടിനേ തുടർന്ന് നീങ്ങിക്കിട്ടുന്നത്. ഇതിന്റെ ആശ്വാസവും പ്രതീക്ഷയും പെരുന്പെട്ടിയിലെ 500 കുടുംബങ്ങൾക്കുണ്ട്. പട്ടയത്തിനുവേണ്ടിയുള്ള ഇവരുടെ കാത്തിരിപ്പും സമരങ്ങളും തുടരുന്നതിനിടെയാണ് പത്തനംതിട്ട കളക്ടറുടെ നിർദേശപ്രകാരം പ്രത്യേക ടീമിനെ നിയോഗിച്ച് സ്ഥലം അളന്നു തുടങ്ങിയത്.
കർഷകരുടെ ഭൂമിയും വനവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജണ്ടകളും കണ്ണാടി കല്ലുകളും കൃത്യ സ്ഥാനങ്ങളിൽ തന്നെ കാണുന്നതായി കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ദൂരത്തിലും ദിക്കിലും 1958ലെ സർവേ അടയാളങ്ങൾ വ്യതിയാനം കൂടാതെ നിലനില്ക്കുന്നു . കർഷകരുടെ ഭൂമി വനത്തിനു പുറത്താണെന്ന റാന്നി ഡിഎഫ്ഒയുടെ കത്ത് പരിഗണിച്ചാണ് കളക്ടർ റവന്യു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
വനത്തിന്റെ അളവ് പൂർണമായിട്ടില്ല. ഏതെങ്കിലും കാരണത്താൽ വനത്തിന്റെ മൊത്ത അളവിൽ കുറവ് കണ്ടാൽ പോലും കർഷക ഭൂമി വനംവകുപ്പിന് അവകാശപ്പെടാൻ കഴിയില്ലെന്ന് വനം ഉദ്യോഗസ്ഥരുടെ മൊഴിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ആലപ്ര റിസർവുമായി അതിർത്തി പങ്കിടുന്ന ഉൾവനം മാത്രമാണ് ഇനി അളക്കാനുള്ളത്. അളവുകൾ പൂർത്തീകരിക്കുന്നതിന് കളക്ടർ അനുവദിച്ചിട്ടുള്ള സമയപരിധി നാളെ അവസാനിക്കും. കർഷകരുടെ ഭൂമിയിൽ പകുതിയെ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിൽ നിലവിൽ റിസർവ് വനം എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് തിരുത്തി ഭൂമി പതിവു ചട്ടപ്രകാരം പട്ടയം അനുവദിക്കാവുന്നതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.