വെച്ചൂച്ചിറ: വേനൽ കടുത്തതോടെ പെരുന്തേനരുവി വറ്റിവരണ്ടു. വെള്ളച്ചാട്ടം നിലച്ച അരുവി വിനോദസഞ്ചാരികൾക്കു വേണ്ടെന്നായി.ഇതോടെ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിൽ.പന്പാനദിയിൽ വെച്ചൂച്ചിറയിലെ പെരുന്തേനരുവിക്ക് എക്കാലവും തനതായ ഒരു സൗന്ദര്യമുണ്ടായിരുന്നു. വെള്ളച്ചാട്ടമായിരുന്നു ഇതിലെ ഏറ്റവും വലിയ പ്രത്യേകത.
ഉയരത്തിൽ നിന്നും പാറകളിൽ തട്ടിയൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാര്യതയാണ് പെരുന്തേനരുവിയെ പ്രശസ്തമാക്കിയിരുന്നത്. ഇതു കാണുന്നതിനായാണ് സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയത്. എന്നാൽ അരുവിയുടെ പ്രകൃതിദത്ത സൗന്ദര്യത്തിനുമേൽ സമീപകാലത്തുണ്ടാക്കിയ മാറ്റങ്ങൾ നിലവിലുണ്ടായിരുന്ന മനോഹാര്യത നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, വെള്ളച്ചാട്ടം പഴങ്കഥ പോലെയായി.
പെരുന്തേനരുവിക്കു മുകളിലായി പുതിയ ഡാം പണിതതോടെയാണ് അരുവിയിലേക്കുള്ള വെള്ളച്ചാട്ടം നിലച്ചത്. പന്പാനദിയിലെ ഒഴുക്കിനെ തടഞ്ഞുനിർത്തി വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഉയരക്കുറവുള്ള ഡാം കവിഞ്ഞൊഴുകി വെള്ളം പന്പയിലൂടെ ഒഴുകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നദിയിലെ വെള്ളത്തിന്റെ അളവിലുണ്ടായ കുറവ് പ്രതീക്ഷകൾ താളംതെറ്റിച്ചു. മഴക്കാലമായാൽ പോലും അരുവിയിൽ വെള്ളമെത്തില്ലെന്ന സ്ഥിതിയാണ്.
വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം പന്പു ചെയ്ത് തിരികെ കയറ്റുമെന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക വശങ്ങൾ ഇതിന് അനുകൂലമായിരുന്നില്ല. ഇതിനിടെ മറ്റൊരു വൈദ്യുതി പദ്ധതിക്കു കൂടിയുള്ള നിർദേശമാണ് കെസ്ഇബി പരിഗണിച്ചിട്ടുള്ളത്. സംഭരണി വന്നതോടെ എരുമേലി ജലവിതരണ പദ്ധതിയിലും ആവശ്യാനുസരണം പന്പിംഗ് നടക്കുന്നുണ്ട്.
എന്നാൽ വെച്ചൂച്ചിറ ജലവിതരണ പദ്ധതി പ്രവർത്തനം ഇതോടെ നിലച്ചു. പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപമുള്ള വെച്ചൂച്ചിറ പദ്ധതിയുടെ കിണറ്റിലും വെള്ളം കുറഞ്ഞു. വരൾച്ചയുടെ രൂക്ഷതയിൽ പന്പിംഗിനു വെള്ളമില്ലാത്ത സ്ഥിതിയാണ്.വെള്ളച്ചാട്ടം നഷ്ടമായ പെരുന്തേനരുവിയിൽ ഡാമും വനവും കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയാണ് ഇപ്പോൾ പരിഗണനയിലുള്ളത്.
ഡാമിൽ ബോട്ടിംഗ് അടക്കമുള്ള സംവിധാനങ്ങൾ രണ്ടാംഘട്ട പദ്ധതിയിലുണ്ട്. പെരുന്തേനരുവി വെള്ളച്ചാട്ടത്തോടു ചേർന്നുള്ള ടൂറിസം പദ്ധതികൾ നിലവിലുണ്ട്. ഡിടിപിസിയുടെ സംവിധാനങ്ങൾ നോക്കുകുത്തിയായി നിലനിൽക്കുന്നു.