അടൂര്‍: പെരുനാട് പോലീസ് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന 19 പേരില്‍ ഒരാളുടെ ശിക്ഷ കോടതി പ്രഖ്യാപിച്ചു. സീതത്തോട് ഉറുമ്പനി പനംതോട്ടത്തില്‍ പി.ബി. ബ്ലസനെയാണ് (23) കേസിള്‍ 25 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്. പീഡനവുമായി ബന്ധപ്പെട്ട് 19 കേസുകളാണ് എടുത്തിട്ടുള്ളത്.
ഇന്‍സ്റ്റാഗ്രം മുഖേന പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ബ്ലസണ്‍ നിരന്തരം ഫോണില്‍ വിളിച്ചു ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചു വശീകരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് കേസ്.
അടൂര്‍ സ്പെഷല്‍ പോക്സോ കേസ് ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്. പെരുനാട് പോലീസ് പെണ്‍കുട്ടിയുടെ ആദ്യമൊഴി പ്രകാരം കേസെടുത്ത് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ മറ്റു കുറ്റാരോപിതരും സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടുപോയിയും പീഡിപ്പിക്കുകയായിരുന്നു.
അന്നത്തെ പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ബിജുവാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്ഹാജരായി.
പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്കാന് ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 18 കേസുകളുടെയും വിചാരണ കോടതിയില്‍ നടന്നു വരുന്നു.