പെരുന്ന കൊലപാതകം: കൃത്യത്തിന് ഉപയോഗിച്ച കത്തി ഷെമീറിന്റെ വീട്ടില്‍ നിന്ന് എടുത്തതെന്ന് സിജോ; പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി

ktm-fbcrime

ചങ്ങനാശേരി: മനു മാത്യുവിനെ കുത്തി കൊലപ്പെടുത്താന്‍ സിജോ ഉപയോഗിച്ച കത്തി കേസിലെ പ്രതി വാഴയില്‍ ഷെമീറിന്റെ ഫാത്തിമാപുരത്തുള്ള വീട്ടില്‍ നിന്നുമെടുത്തതെന്ന് പോലീസ്. പത്താകളം ബ്ലേഡ്കാരനും കോട്ടയം മുന്‍ നഗരസഭാകൗണ്‍സിലറുമായ ഷാനിയുടെ മകനാണ് ഷെമീര്‍. പത്താകളം നടത്തിപ്പിനായി കൊട്ടേഷന്‍, ഗുണ്ടാസംഘങ്ങളെ ഷെമീര്‍ തീറ്റിപ്പോറ്റി പ്രോത്സാഹിപ്പിച്ചിരുന്നു. ഈകൂട്ടുകെട്ടിലെ അംഗമായ ഫാത്തിമാപുരം വെട്ടുകുഴിയില്‍ സിജോ ഷെമീറിന്റെ ഫാത്തിമാപുരത്തുള്ള വാടക വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു.

മൂന്നുമാസംമുമ്പ് ഒരുദിവസം ഷെമീറിന്റെ വീട്ടിലെത്തിയ സിജോ പ്രത്യേക ആകൃതിയിലുള്ള കത്തി കാണുകയും ഇത് സ്വന്തമാക്കുയും ചെയ്തു. ഈ കത്തി പിതാവ് ഷാനിയുടേതാണെന്ന് ഷെമീര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്നുമുതല്‍ സിജോ ഈ കത്തി അരക്കെട്ടില്‍ സൂക്ഷിച്ചാണ് നടന്നിരുന്നത്. ഗുണ്ടാ അക്രമങ്ങള്‍ നടത്തുമ്പോള്‍ ഷിജോ ഈ കത്തി ഉയര്‍ത്തി ഭീഷണി മുഴക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സിജോ ഈ കത്തികൊണ്ട് മനുവിനെ വയറിനും നെഞ്ചിനും പുറത്തുമായി ഒമ്പത് പ്രാവശ്യം കുത്തി.

അക്രമത്തിനു ശേഷം കോട്ടയത്തേക്ക് രക്ഷപ്പെട്ട സംഘത്തെ പിടികൂടിയ കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ നൈറ്റ് പട്രോളിംഗ് ഓഫീസര്‍ പോളാണ് ഈ കത്തി ഇവരില്‍ നിന്നും കണ്ടെത്തിയത്. ഷെമീര്‍ പ്രതികളെ കോട്ടയത്തേക്ക് കടത്തി സ്‌കോര്‍പ്പിയോ കാറിന്റെ രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ സിജോ, ബിനു, അര്‍ജുന്‍, സൂരജ് എന്നിവരുടെ വീടുകളിലെത്തി കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവ സമയത്ത് ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലിസ് കണ്ടെടുത്തിരുന്നു.

സംഭവത്തിനിടയില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൂരജ്, അര്‍ജ്ജുന്‍ എന്നീ പ്രതികള്‍ ചികിത്സ തേടിയ ഉദയഗിരി ആശുപത്രിയിലെത്തി ഡോക്ടര്‍മാരെയും ജീവനക്കാരെയും കണ്ട് പോലീസ വിവരങ്ങള്‍ ശേഖരിച്ചു. ബൈക്കില്‍ നിന്നും വീണ് കമ്പി തുളച്ച് കയറിയാണ് മുറിവുണ്ടായതെന്നാണ് ഇവര്‍ നഴ്‌സുമാരോട് പറഞ്ഞത്. എന്നാല്‍ സൂരജിനെ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കാതെ പറഞ്ഞയച്ചു.  കൃത്യത്തിനുശേഷം കോട്ടയത്തെത്തി തങ്ങിയ ഷെമീറിന്റെ ബന്ധുവീട്ടിലും ഇവര്‍ക്ക് 5000രൂപ വായ്പ നല്‍കിയ ആളുടെ അടുത്തും പ്രതികളിലൊരാള്‍ ചികിത്സ തേടിയ കോട്ടയം ജില്ലാ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി

പെരുന്നയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; തെളിവെടുപ്പിനെത്തിച്ച പ്രതികളെ കാണാന്‍ വന്‍ജനാവലി
ചങ്ങനാശേരി: തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു (32) കുത്തേറ്റു മരിച്ച കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കൊലപാതകകൃത്യം വിവരിക്കാന്‍ പോലീസ് പെരുന്ന ബസ് സ്റ്റാന്‍ഡിലെത്തിച്ചപ്പോള്‍ കാണാനെത്തിയത് വന്‍ജനാവലി. സംഘര്‍ഷസാധ്യത പരിഗണിച്ച് വന്‍ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ സംഭവസ്ഥലത്തെത്തിച്ചത്. ഇന്നലെ രാവിലെ ഒമ്പതിന് പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനാല്‍ നേരത്തെതന്നെ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു.

ഫാത്തിമാപുരം വെട്ടുകുഴിയില്‍ സിജോ (22), തൃക്കൊടിത്താനം പഞ്ചായത്തംഗം ആലുംമൂട്ടില്‍ നിധിന്‍ (33), നാലുകോടി കൊല്ലാപുരം കടുത്താനം കെ.എന്‍.അര്‍ജുന്‍ (220, തൃക്കൊടിത്താനം ചെറുവേലിപറമ്പില്‍ സൂരജ് സോമന്‍ (26), കുരിശുംമൂട് പമ്പ്ഹൗസ് റോഡില്‍ അറയ്ക്കല്‍ ബിനു (24), കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ സ്വദേശിയും ഇപ്പോള്‍ ഫാത്തിമാപുരത്ത് താമസക്കാരനുമായ വാഴയില്‍ ഷെമീര്‍ (27) എന്നിവരെയാണ് കൊലപാകംനടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ സിഐ ബിനു വര്‍ഗീസ്, എസ്‌ഐ സിബി തോമസ്, ഷാഡോപോലീസംഗങ്ങളായ കെ.കെ.റജി, പ്രദീപ് ലാല്‍, സിബിച്ചന്‍ ജോസഫ്, ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കഴിഞ്ഞ ഒമ്പതിന് രാത്രി 8.30-നാണ് പെരുന്ന ബസ്സ്റ്റാന്‍ഡിനടുത്തുള്ള കോണ്‍ഗ്രസ് ഹൗസിനു മുമ്പില്‍ വച്ച് മനു മാത്യു കുത്തേറ്റു മരിച്ചത്. അരമണിക്കൂറോളം തെളിവെടുപ്പ് നടത്തിയശേഷമാണ് പ്രതികളെ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയത്.

Related posts