തിരുവനന്തപുരം: പ്രളയ ദുരിതങ്ങൾക്ക് നടുവിൽ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ. തലസ്ഥാനത്ത് പാളയം ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈദ്ഗാഹിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. പാളയം ഇമാം വിപി ഷുഹൈബ് മൗലവി നേതൃത്വം നൽകി. പെരുന്നാൾ ദിനത്തിനായി കരുതിയ പണം ദുരിതബാധിതർക്ക് നൽകണമെന്ന് പാളയം ഇമാം അഭ്യർഥിച്ചു.
മലബാറിലെ ഭൂരിഭാഗം പേർക്കും ഇത്തവണത്തെ പെരുന്നാൾ ദുരിതാശ്വാസ ക്യാന്പുകളിലാണ്. ശേഷിക്കുന്നവർ ദുരിതാശ്വാസപ്രവർത്തനങ്ങളിലും. വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും. ആഘോഷങ്ങളുടേതല്ല, മറിച്ച് അതിജീവനത്തിന്റേതാണ് ഈ പെരുന്നാള്‍.
സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്. വിപണന കേന്ദ്രങ്ങളിലും പെരുന്നാളിന്റെ തിരക്കില്ല. ഇത്തവണ ദുരിതാശ്വാസ ക്യാന്പുകളും ഈദ് ഗാഹുകളാവും.
പ്രളയം ബാധിക്കാത്തിടത്തുള്ള പള്ളികളിൽ ഒത്തു ചേർന്ന് ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് ഇത്തവണ പെരുന്നാൾ ദിനം. ഒപ്പം പ്രളയദുരിതം നേരിടുന്നവർക്ക് പരമാവധി സഹായമെത്തിക്കാനും.