മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ എല്ലാ മസ്ജിദുകളിലും ആരാധനാലയങ്ങളിലും സ്വീകരിക്കുമെന്നു വിവിധ മുസ്ലിം സംഘടനാ നേതാക്കൾ ഉറപ്പു നൽകി. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിയന്ത്രണങ്ങൾ മഹല്ലുകളിൽ നടപ്പാക്കുമെന്നും നേതാക്കൾ പറഞ്ഞു.
വലിയ പെരുന്നാളിനോടനുബന്ധിച്ച് നൽകിയ ലോക്ഡൗണ്‍ ഇളവുകൾ ദുരുപയോഗം ചെയ്ത് രോഗവ്യാപനമുണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനു ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനു ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണർ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരത്തിനായി പരമാവധി 40 പേർ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്നു മഹല്ല് കമ്മിറ്റി ഉറപ്പു വരുത്തും. വീട്ടിൽ നിന്നു തന്നെ വുളൂ (അംഗ ശുദ്ധി) എടുത്തായിരിക്കണം വിശ്വാസികൾ മസ്ജിദിലെത്തേണ്ടത്. ബലികർമത്തിനായി കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാവൂ.
പങ്കെടുക്കുന്നവർ ആന്റിജൻ/ആർടിപിസി ആർ ടെസ്റ്റ് നെഗറ്റീവ് ആയവരോ വാക്സിൻ സ്വീകരിച്ചവരോ ആകണം. മാംസം കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് വീടുകളിലേക്കെത്തിക്കണം.പെരുന്നാൾ നമസ്ക്കാരത്തിനു ശേഷം ഖാസി/ഖത്തീബുമാർ കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ ബോധവത്കരണം മസ്ജിദുകളിൽ നടത്തുമെന്നും യോഗത്തിൽ അറിയിച്ചു.
പനിയോ മറ്റേതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ഉള്ളവർ മസ്ജിദുകളിൽ ബലികർമം നടത്തുന്നിടത്തോ മറ്റു പൊതു ഇടങ്ങളിലോ പോകാൻ പാടില്ല. മസ്ജിദുകളിൽ സാമൂഹിക അകലവും കോവിഡ് മാർഗ നിർദേശവും പാലിക്കണം.
പെരുന്നാളിനോടനുബന്ധിച്ചു ബന്ധുവീടുകളിലെ സന്ദർശനം, ആലിംഗനം, പരസ്പരം കൈ കൊടുക്കൽ, അടുത്തു നിന്നു സംസാരിക്കൽ എന്നിവ ഒഴിവാക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീന അഭ്യർഥിച്ചു. കുടുംബത്തിലുള്ള എല്ലാവരും ഷോപ്പിംഗിനു പോകുന്ന പ്രവണത ഒഴിവാക്കണം.
ഷോപ്പിംഗ് മാളുകളിലും പൊതുനിരത്തുകളിലും ബസുകളിലും തിരക്കുണ്ടാകുന്നത് രോഗവ്യാപനം വർധിപ്പിക്കും. രണ്ടാം തരംഗത്തിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതും മരണനിരക്ക് കൂടിയതും പരിഗണിച്ച് ഓരോരുത്തരും സ്വയം നിയന്ത്രണത്തിനു തയാറാകണമെന്ന് ജില്ലാ പോലീസ് മേധാവി സുജിത്ദാസ് അഭ്യർഥിച്ചു.
വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് കൂറ്റന്‍പാറ അബദുറഹിമാൻ ദാരിമി, ഹാഷിം ഹാജി, കുഞ്ഞിപ്പ മാസ്റ്റർ, മുഹമ്മദ് ഷാഫി, നാസർ, സദറുദീൻ നടുവത്ത് കുണ്ടിൽ, സെയ്നുദീൻ പാലൊളി, സിദി കോയ, പി.പി.മുഹമ്മദ്, അബ്ദുൾ ലത്തീഫ് ഫൈസി, എം. അബ്ദുള്ള, അബ്ദുസമദ് പൂക്കോട്ടൂർ, ടി.പി അഹമ്മദ് സലീം, ആനമങ്ങാട് ഫൈസി, ഡോ. പി.പി മുഹമ്മദ്, ജമാൽ കരുളായി, ഹസീബ് മാനു തുടങ്ങിയവരും എഡിഎം ഇൻചാർജ് എം.സി റജിൽ, ഡിഡിപി ഷാജി ജോസഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.എസ് രാധേഷ്, എൽആർ ഡെപ്യൂട്ടി കളക്ടർ പി.എൻ പുരുഷോത്തമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.