തിരുവനന്തപുരം: നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവർക്കും യാചകർക്കായും നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്നൊരുക്കിയിട്ടുള്ള അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലെ ക്യാമ്പിലേക്ക് ബലിപ്പെരുന്നാൾ ദിനത്തിൽ സ്നേഹത്തിന്റെ ബിരിയാണിപ്പൊതികളുമായാണ് ബീമാപള്ളിയിലെ ഷഫീഖും കൂട്ടുകാരുമെത്തിയത്.
ക്യാമ്പിലെ അന്തേവാസികൾക്ക് പെരുന്നാൾ ദിനത്തിൽ സ്നേഹത്തിന്റെ ബിരിയാണി വിളമ്പാൻ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ മേയർ കെ.ശ്രീകുമാറുമെത്തി.
മഹാമാരിക്കാലത്തെ പെരുന്നാൾ ആഘോഷം എങ്ങനെ മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുത്താം എന്ന ചിന്തയിലിരിക്കുമ്പോഴാണ് മേയറുടെ ഫേസ്ബുക്കിൽ നഗരത്തിൽ അലഞ്ഞ് തിരിഞ്ഞു നടക്കുന്നവരെ നഗരസഭ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നത്.
അങ്ങനെയാണ് പെരുന്നാൾ ദിനത്തിൽ ഈ ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്താൻ മുന്നോട്ട് വന്നതെന്നും ഷഫീഖ് പറഞ്ഞു. അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ മാത്രമല്ല പ്രിയദർശിനി ഹാളിലും യാചകർക്കായുള്ള ക്യാമ്പ് നഗരസഭയ്ക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ഇവിടെയും ഇവരുടെ നേതൃത്വത്തിൽ ബിരിയാണിയെത്തിച്ചു. ഇരു ക്യാമ്പുകളിലുമായി നൂറ്റി മുപ്പത് ആളുകളുണ്ട്. ബലിപെരുന്നാൾ ദിനത്തിൽ മാതൃകാപരമായ പ്രവർത്തനമേറ്റെടുത്ത ചെറുപ്പക്കാരെ മേയർ അഭിനന്ദിച്ചു.
കോവിഡ് സമൂഹ വ്യാപന ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും യാചകരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളത്. ഇവർക്ക് ആന്റിജൻ പരിശോധനയടക്കം നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.