ഒൗഷധ ഗുണമുള്ള ജലമായതിനാൽ പല രോഗങ്ങൾക്കുമുള്ള മരുന്നായി പെരുന്തേനരുവിയിലെ വെള്ളം പൂർവികർ ഉപയോഗിച്ചിരുന്നതായി ഐതിഹ്യ കഥകൾ പറയുന്നു. കഥകൾ എന്തുമാകട്ടെ കാര്യം ഇതൊന്നുമല്ല… വേനൽക്കാലത്ത് പെരുന്തേനരുവിയിൽ എത്തിയാൽ രണ്ടുണ്ട് ഗുണങ്ങൾ. അരുവിയുടെ യഥാർഥ രൂപം ആസ്വദിക്കാനുമാകും അപകടം ഒഴിവാക്കുകയും ചെയ്യാം. പാറയ്ക്കു മുകളിലൂടെ നടക്കുകയും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മനം കുളിർക്കെ കാണാനുമാകും. ഒപ്പം തന്നെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ രൂപപ്പെട്ട കുഴികളുടെ ആഴംകണ്ട് അന്പരക്കാനും വേനൽക്കാലത്ത് ഇവിടെ എത്തണം. രാവിലെയും വൈകുന്നേരങ്ങളിലും പ്രകൃതിയുടെ ഇളംകാറ്റേറ്റ് വെള്ളത്തിന്റെ കുളിരും നുകർന്ന് പാറയുടെ മുകളിൽ കുശലം പറഞ്ഞിരിക്കാൻ പ്രായഭേദമെന്യേ ആളുകൾ എത്തുന്നു. ഇതിൽ നാട്ടുകാരും മറ്റു ജില്ലകളിൽ നിന്നു വരുന്നവരുമുണ്ട്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കാലങ്ങളായി ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ കുതിച്ചെത്തുന്ന വെള്ളച്ചാട്ടം അദ്ഭുതം പകരുന്നതോടൊപ്പം അപകടകരവുമാണ്. പതിറ്റാണ്ടുകൾ വെള്ളം ഒഴുകിയെത്തിയ പാറക്കൂട്ടങ്ങളിൽ ഒരാൾ താഴ്ചയിലും അതിലേറെയുമുള്ള നൂറുകണക്കിനു കുഴികൾ രൂപപ്പെട്ടു. എന്നാൽ, വെള്ളം ഒഴുകിയെത്തുന്നതിനു മുന്പേ ശ്രീരാമൻ സീതയുമായി രഥത്തിൽ സഞ്ചരിച്ചപ്പോൾ കല്ലുകൾ പൊടിഞ്ഞാണ് കുഴികൾ രൂപപ്പെട്ടതെന്നുള്ള ഐതിഹ്യ കഥയും നാട്ടിൽ പ്രചാരത്തിലുണ്ട്.
മലമുകളിൽ നിന്നെത്തുന്ന വെള്ളത്തിന്റെ ശക്തിയാൽ കല്ലുകൾ വട്ടംകറങ്ങി കുഴികൾക്ക് മാർബിൾ കല്ലുകളേക്കാൾ മിനുസമുള്ളതായിത്തീർന്നു. കുഴികളുടെ ആഴവും അപകടാവസ്ഥയും മനസിലാക്കാതെ പെരുന്തേനരുവിയിൽ കുളിക്കാനിറങ്ങുന്നവർക്ക് കുഴിയിൽ നിന്നു പുറത്തുകടക്കാനാവില്ല. കുഴികളിൽ വീഴുന്നവരെ കുതിച്ചെത്തുന്ന വെള്ളം കീഴ്പ്പെടുത്തും. വേനൽക്കാലത്ത് എത്തിയാൽ വെള്ളം വറ്റിയ പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് കല്ലുകളും കുഴികളും വ്യക്തമായി കാണാം. എന്നാൽ വെള്ളം കുറവാണെന്നു വിചാരിച്ച് സാഹസത്തിനു മുതിർന്നാൽ അപകടം വിളിച്ചു വരുത്തും. വെള്ളച്ചാട്ടത്തിന്റെ മുകളിലായി പ്രതലം കാണാനാവുന്നിടത്ത് ആളുകൾ ഇറങ്ങാറുണ്ട്. പക്ഷേ മഴക്കാലത്ത് ഇറങ്ങാനാവില്ല. പാറകൾ സൃഷ്ടിക്കുന്ന ചുഴിയാണ് പെരുന്തേനരുവിയെ അപകടകാരിയാക്കുന്നത്. ഒരു വശത്ത് ശബരിമല വനത്തിൽ ഉൾപ്പെടുന്ന വനപ്രദേശവും മറുവശത്ത് ജനവാസ മേഖലയുമാണ്.
പാറക്കൂട്ടങ്ങൾക്കിടയിലൂടെ കൂത്തിയൊഴുകുന്ന ശബ്ദകോലാഹലത്തിൽ നിന്നും നിശബ്ദമായി പന്പയിലേക്ക് ഒഴുകിയെത്തുന്ന പെരുന്തേനരുവിയുടെ വിദൂര ദൃശ്യവും ഇവിടെ നിന്നു വീക്ഷിക്കാനാവും. പെരുന്തേനരുവിയിൽ ചെക്കുഡാമിന്റെ നിർമാണം പുരോഗമിക്കുകയാണ്. ചെക്ക്ഡാമിന്റെ പണി പൂർത്തിയാകുന്നതോടെ പെരുന്തേനരുവിയുടെ നയനമനോഹര ദൃശ്യം നഷ്ടമാകുമോയെന്ന ആശങ്ക നാട്ടുകാർക്കും സഞ്ചാരികൾക്കുമുണ്ട്. എന്നാൽ പെരുന്തേനരുവിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാത്ത വിധമാണ് ഡാമിന്റെ രൂപകല്പന. അരുവിയിൽ നിന്ന് അരകിലോമീറ്റർ ഉയരത്തിലായാണ് ഡാം. സംഭരണിയിൽ കനാൽ വഴി പന്പയിൽ നിന്നെത്തിക്കുന്ന വെള്ളം നിറയുന്നതോടെ ജലാശയത്തിലൂടെ ബോട്ടിംഗ് അടക്കമുള്ള ടൂറിസം സാധ്യതകളും തെളിയും.
പത്തനംതിട്ടറാന്നിവെച്ചൂച്ചിറ നവോദയ വഴിയും എരുമേലിമുക്കൂട്ടുതറ ചാത്തൻതറ വഴിയും പെരുന്തേനരുവിയിലെത്താം. പെരുന്തേനരുവി കാണാനെത്തുന്നവർക്ക് പന്പ, കക്കിഡാം, നിലയ്ക്കൽ, അരുവിക്കുഴി വെള്ളച്ചാട്ടം, കോന്നി ആനക്കൂട്, ഗവി തുടങ്ങിയ സ്ഥലങ്ങളും കണ്ടു മടങ്ങാം.
സിജോ പി. ജോണ്