കോന്നി: കോന്നിയിൽ നിന്നും കാടിന്റെ കുളിരു തേടി തണ്ണിത്തോട്ടിലേക്കുള്ള യാത്രയിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് പേരുവാലി ഇരുതോട് വെള്ളച്ചാട്ടം. കോന്നിയിൽ നിന്നും തണ്ണിത്തോട്ടിലേക്കുള്ള യാത്രയിൽ പേരുവാലിയിൽ നിന്ന് അരകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.
പൂർണമായും കാനന പാതയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമാണ് ഇവിടം. കാഴ്ചകളും ഏറെയാണ്. വള്ളികളിൽ തൂങ്ങിയാടുന്ന കുരങ്ങനും, മയിലുമെല്ലാം സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്നു.
കാമറയുമായെത്തിയാൽ പ്രകൃതിയുടെ സൗന്ദര്യം ഇവിടെ നിന്നും ഒപ്പിയെടുക്കാം. വഴുക്കലില്ലാത്ത കുഞ്ഞു പാറക്കൂട്ടങ്ങളിൽ കയറി നിന്നു വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാനാകും. നൂറടിയോളം ഉയരത്തിൽ നിന്നും നാല് തട്ടുകളായുള്ള പാറക്കെട്ടുകളിൽ തട്ടി താഴേക്കു പതിക്കുന്ന വെള്ളത്തുള്ളികൾ ഏതൊരു സഞ്ചാരിയുടേയും മനംകവരുന്നതാണ്. മഴക്കാലത്താണ് വെള്ളച്ചാട്ടം ആസ്വദിക്കാൻ ഏറെ രസകരം.
എന്നാൽ മറ്റു സ്ഥലങ്ങളിലേതുപോലെ പ്രാഥമിക സൗകര്യങ്ങളും എത്തപ്പെടാനുള്ള പാതയും ദുർഘടം നിറഞ്ഞതാണ്. വെള്ളച്ചാട്ടത്തിനടുത്തേക്കെത്തുന്ന പാത കൂടുതൽ നവീകരിക്കേണ്ടതായിട്ടുണ്ട്. വാഹനങ്ങൾ കടന്നു പോകാൻ സാധിക്കാത്തവിധം ദുർഘടമാണ്. പേരുവാലിയിൽ നിന്നുള്ള വനപാത കൂടുതൽ നന്നാക്കിയെടുത്താൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഏറെയും വെള്ളച്ചാട്ടത്തിനടുത്തെത്തിക്കാം.
അപകടങ്ങൾക്ക് സാധ്യതയില്ലാത്ത വെള്ളച്ചാട്ടമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അടവിയിലെ കുട്ടവഞ്ചി സവാരിയും മുളംകുടിലുകളിലെ വാസവും ആസ്വദിക്കാനെത്തുന്നവരിലേക്ക് ഈ വെള്ളചാട്ടത്തിന്റെ മനോഹാരിത കുടി ശ്രദ്ധിക്കപ്പെട്ടാൽ പ്രാദേശിക ടൂറിസം വളരും.
ഇതിന് ആദ്യം ചെയ്യേണ്ടത് ഇവിടേക്കുള്ള പാത പൂർണമായും വൃത്തിയാക്കി വാഹനങ്ങൾക്ക് കടന്നു ചെല്ലാനുള്ള സൗകര്യം ഒരുക്കുകയെന്നതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വിനോദ സഞ്ചാരികളായി എത്തുന്നവർക്ക് വെള്ളച്ചാട്ടത്തിലെ കുളി കഴിഞ്ഞ് വസ്ത്രങ്ങൾ മാറാനുള്ള സൗകര്യം ഒരുക്കി നല്കണം.
സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളുമുണ്ടാകണം. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ പേരുവവാലിയിൽ എത്തിയാൽ വിനോദ സഞ്ചാരികൾ കൂടുതലായി ഇവിടേക്ക് എത്താനിടയുണ്ട്. കാനന പാതയിൽ ഗൈഡുമാരെയും നിയമിച്ച് ഇവിടുത്തെ ടൂറിസം സാധ്യതകൾ മെച്ചപെടുത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.