പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രത്തിലെത്തുന്ന സന്ദർശകർ പണ്ടു കാലത്ത് ആദ്യം കാണുന്ന കാഴ്ച ത്രികോണാകൃതിയിലുള്ള ഒരു പൂന്തോപ്പായിരുന്നു. ഇന്നും ആകൃതിക്കു മാറ്റമില്ല. പക്ഷെ അകം നിറയെ പുല്ലും കാടുമാണെന്നു മാത്രം. ഇതിനു നടുവിൽ ഒരു ജലധാരയുണ്ടായിരുന്നു. ഇതിനു നടുവിൽ കുടവും പേറി നിൽക്കുന്ന ഒരു കന്യകയുടെ പ്രതിമയും.
ജലധാരയിൽ ഉയർന്നു പൊങ്ങുന്ന നീർകണങ്ങൾ പ്രതിമയെ സദാ കുളിപ്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ച മനോഹരമായിരുന്നു. പിൽക്കാലത്ത് കെടുകാര്യസ്ഥത കാരണം എല്ലാം നശിച്ചു. ഇത് പിന്നീട് സ്വന്തം പക്കൽ നിന്നു പണം മുടക്കി പെരുവണ്ണാമൂഴിയിലെ ഓട്ടോ-ടാക്സി ജീവനക്കാർ തനിമയോടെ പുനർജീവിപ്പിച്ചിരുന്നു.
ഇതിനും പിന്നീട് തടസവുമായി ചിലരെത്തി. ഇപ്പോൾ ഇവിടം മൊത്തം കാടും പുല്ലു മാണ്. പുല്ലു പറിക്കേണ്ടവർ മാസ ശമ്പളം വാങ്ങി ഓഫീസിൽ വെറുതെ കുത്തിയിരിപ്പാണ്. ഒരാൾ സ്ഥിരം ഉന്മാദാവസ്ഥയിലുമാണ് .