പേരാമ്പ്ര: പെരുവണ്ണാമൂഴി വനം -വന്യ ജീവി പരിപാലന കേന്ദ്രത്തിൽ പാമ്പുകളെ സൂക്ഷിച്ചിരിക്കുന്ന ഇടുങ്ങിയ അറകൾ തടവറകളായി മാറിയ സാഹചര്യത്തിൽ ഇത് സൗകര്യപ്രദമായി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
മൂർഖൻ, അണലി തുടങ്ങിയ ഇനത്തിൽപെട്ട വിഷപ്പാമ്പുകളെ സൂക്ഷിച്ചിരുന്ന കാലത്ത് അറകൾ പര്യാപ്തമായിരുന്നെങ്കിലും രാജവെമ്പാലകൾകൂടി എത്തിയതോടെ സൗകര്യം കുറഞ്ഞു. സഞ്ചരിക്കാൻ രണ്ടു അറ ഭിത്തിക്കു സുഷിരമിട്ടു അടുത്തയിടെ പിടിച്ച രാജവെമ്പാലയെ പാർപ്പിച്ചിരിക്കുന്നതെങ്കിലും ഇഴയാനുള്ള സ്ഥലമില്ല. രാജവെമ്പാലയ്ക്ക് 5.20 മീറ്റർ നീളമുണ്ട്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിലാണു പാമ്പു സംരംക്ഷണ കേന്ദ്രം. പാമ്പുപിടുത്ത വിദഗ്ധൻ കരിങ്ങാട് സുരേന്ദ്രൻ സാഹസികമായി പിടിക്കുന്ന പാമ്പുകളാണു വനംവകുപ്പിന്റെ തടവറയിൽ കഴിയുന്നത്. ഇതിനെ കാണാൻ മുതിർന്നവർ 30 രൂപയും കുട്ടികൾ 15 രൂപയും മുടക്കി എത്തുന്നുണ്ട്.
അതേസമയം കാലോചിതമായി പാമ്പു സംരംക്ഷണ കേന്ദ്രം സൗകര്യപ്രദമായ വിസ്തൃതിയിൽ പുതുക്കിപ്പണിയണമെന്നാണു നാട്ടുകാരും ടൂറിസ്റ്റുകളും ഉയർത്തുന്ന ആവശ്യം.