പേരാമ്പ്ര: വേനല്‍ കനത്തതോടെ പെരുവണ്ണമൂഴി ഡാം റിസര്‍വോയറിലും ജലനിരപ്പ് താഴ്ന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി ഡാമില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കള്‍ വെള്ളം തുലോം കുറവാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിൽ രണ്ടിനു 36.98 മീറ്റര്‍ ഉയരത്തില്‍ വെള്ളം ഉണ്ടായിരുന്നപ്പോള്‍ ഇത്തവണ ഇതേ ദിനത്തിൽ 35. 03 മീറ്ററാണ് ജലനിരപ്പ്. 44.41 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി.
ഇക്കുറി ജലസംഭരണം കാര്യമായി നടന്നില്ല. പെരുവണ്ണാമൂഴിയിൽ പുരോഗമിക്കുന്ന ആറ് മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ ഇൻടേക്ക് കുളത്തിന്റെ പ്രവൃത്തിക്കു വോണ്ടിയാണ് ജലം കാര്യമായി സംഭരിക്കാതിരുന്നത്. റിസർവോയറിനുള്ളിലാണു കുളം നിർമിക്കുന്നത്. ഇതിനായി വെള്ളം ഒഴിവാക്കേണ്ടതിനാൽ ഷട്ടർ തുറന്നിട്ടു മുൻ മാസങ്ങളിൽ പുഴയിലേക്കു ജലമൊഴുക്കുകയായിരുന്നു.
കക്കയത്ത് നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ഒഴുക്കി വിടുന്ന വെള്ളം പെരുവണ്ണാമൂഴി റിസര്‍വോയറിലേക്കാണ് എത്തുന്നത്. ജപ്പാന് കുടിവെള്ള പദ്ധതിക്കായി 174 ദശലക്ഷം ലിറ്റര്‍ വെള്ളം ദിനവും പമ്പു ചെയ്യുന്നുണ്ട്. ഡാമിൽ ജലനിരപ്പ് 26 മീറ്ററിൽ കുറഞ്ഞാൽ മാത്രമെ ജപ്പാൽ കുടിവെള്ള പമ്പിംഗിനെ ബാധിക്കുകയുള്ളു. പെരുവണ്ണാമൂഴി ഡാമില്‍ നിന്ന് കനാലിലൂടെ കൃക്ഷിക്കും മറ്റുമായി വെള്ളം തുറന്ന് വിട്ടിട്ടുണ്ട്. ഡാമിൽ ജലനിരപ്പ് 25.52 ൽ താഴെയെത്തിയാൽ മാത്രമെ കനാൽ വഴി ജലം വിടുന്നതിൽ ആശങ്കപ്പെടാനുള്ളു. കക്കയത്തു നിന്നുള്ള ജലമാണു പെരുവണ്ണാമൂഴി ഡാമിന്റെ മൂലധനം.
അതേ സമയം കെഎസ്ഇബി ജലവൈദ്യുത പദ്ധതികള്‍ക്കായുള്ള കക്കയം ഡാമിലും ജലനിരപ്പ് കുറഞ്ഞു. 2470.4 അടിയാണു ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 751.85 മീറ്ററായിരുന്നു. 758.037 മീറ്ററാണ് ഡാമിലെ പരമാവധി ജലസംഭരണ പരിധി. 33.99 ദശലക്ഷം ക്യുബിക് മീറ്ററാണ് കക്കയം ഡാമിന്റെ സംഭരണ ശേഷി. 21.744 എംസിഎം വെള്ളമാണ് ഇപ്പോഴുള്ളത്. ഇത് 64 ശതമാനത്തോളം വരും.
228.75 മെഗാവാട്ടാണ് കക്കയത്തെ ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിത ശേഷി. കക്കയം വൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനത്തിന് ആവശ്യത്തിന് വെള്ളം നിലനിര്‍ത്താന്‍ വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നുമുള്ള വെള്ളവും കക്കയത്തേക്ക് എത്തുന്നുണ്ട്. ഒരു മില്ല്യൻ ഘനമീറ്റർ ജലമാണു ബാണാസുര സാഗർ ഡാമിൽ നിന്നു കക്കയത്തെത്തുന്നത്.
കുടിക്കാനും നനക്കാനും വൈദ്യുതി ഉത്പാദനത്തിനും ഇതിലെ വെള്ളം വേണം. വടകരയിലെ ഉപ്പു വെള്ള പ്രശ്നത്തിനു പരിഹാരമുണ്ടാക്കുന്നതും കുറ്റ്യാടി പുഴയിലൂടെ ഗുളികപ്പുഴയിൽ എത്തുന്ന ഇതേ വെള്ളമാണ്. 603 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഇടതു-വലതുകര കനാലിൽ 460 കി.മീറ്ററിലും ജലമെത്തുന്നുണ്ടെന്നാണു ജലസേചന വകുപ്പ് അവകാശപ്പെടുന്നത്.