പെരുവണ്ണാമൂഴി: വനവും അതിലെ മൃഗങ്ങളെയും സംരംക്ഷിക്കുകയെന്നതു മാത്രമാണു വനം ഉദ്യോഗസ്ഥരുടെ പണിയെന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചർ ടി. റഹീസ്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട, പൂഴിത്തോട്, മുതുകാട്, പെരുവണ്ണാമൂഴി മേഖലകളിലെ കൃഷിയിടങ്ങളിൽ കാട്ടാനകൾ വരുത്തുന്ന നാശങ്ങളെക്കുറിച്ചു സംസാരിക്കാൻ എത്തിയ ജനപ്രതിനിധികളോടും കർഷക നേതാക്കളോടുമാണു റേഞ്ചർ ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളുടെ സുരക്ഷ നോക്കേണ്ടത് വനപാലകരല്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും നിർദ്ദേശിച്ച് സർക്കാർ ഉത്തരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ എന്തു ചെയ്യണമെന്നു കർഷകർ തീരുമാനിക്കേണ്ടി വരുമെന്നു നേതാക്കളും വ്യക്തമാക്കി. കൃഷിഭൂമിയുടെ സർവാധിപത്യം കർഷകനാണെന്നും അന്നം നൽകുന്ന കൃഷി സംരംക്ഷിക്കേണ്ടത് കർഷകന്റെ കടമയാണെന്നും ജനപ്രതിനിധികൾ പറഞ്ഞു.
വന്യമൃഗങ്ങളെ വനത്തിൽ നിർത്തേണ്ടത് സർക്കാർ ശമ്പളം പറ്റുന്ന വനം ഉദ്യോഗസ്ഥരാണെന്നും കൃഷി നശിപ്പിക്കാനെത്തുന്ന വന്യ ജീവികൾക്കെതിരേ പ്രതികരിച്ചാൽ കേസുമായി കർഷകർക്കെതിരേ വരരുതെന്നും ജനപ്രതിനിധികളും നേതാക്കളും വ്യക്തമാക്കി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈല ജയിംസ്, ഗ്രാമ പഞ്ചായത്തംഗം സെമിലി സുനിൽ, കർഷക നേതാക്കളായ ജോർജ് കുബ്ലാനി, വിനീത് പരുത്തിപ്പാറ, ജീജോ വട്ടോത്ത്, രാജൻ വർക്കി, പൗലോസ് വള്ളിക്കാട്ടിൽ, ഈപ്പൻ മൂഴയിൽ, വന്യമൃഗ അക്രമത്തിൽ വീടിനും കൃഷിക്കും നാശനഷ്ടം നേരിട്ട കർഷകരായ മരോട്ടിക്കുഴി മർക്കോസ്, തോമസ് കീരംചിറ എന്നിവരാണ് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസിൽ ഇന്നലെ എത്തിയത്.
കർഷകരെ രക്ഷിക്കാനെന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന ഫെൻസിംഗ്, കിടങ്ങ് നിർമ്മാണം എന്നിവയിലെ കെടുകാര്യസ്ഥതയും ധൂർത്തും അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ചെമ്പനോടയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു
ചെമ്പനോട: ചെമ്പനോട കാട്ടിക്കുളം മേഖലയിൽ കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രി കീരംചിറ തോമസിന്റെ വാഴത്തോപ്പിലാണു താണ്ഡവമാടിയത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിൽ പരാതി അറിയിച്ചു.