പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം റിസർവോയർ നിറഞ്ഞു. ഒഴുകി എത്തുന്ന വെള്ളത്തിന്റെ തോത് കൂടിയതോടെയാണിത്. വൃഷ്ടി പ്രദേശത്തെ വനമേഖലകളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിൽ നിന്നു ധാരാളം വെള്ളം കക്കയത്തെത്തുന്നുണ്ട്. പരമാവധി വൈദ്യുതി ഉത്പ്പാദനം ഇവിടെ നടത്തുന്നുണ്ട്.
കക്കയത്തു നിന്നു പുറന്തള്ളുന്ന മുഴുവൻ ജലമെത്തുന്നതും പെരുവണ്ണാമൂഴി ഡാം റിസർവോയറിലാണ്. അതേ സമയം പെരുവണ്ണാമൂഴി മേഖലയിൽ മഴ കുറവാണ്. ഇന്നലെ വൈകുന്നേരം ഡാമിലെ ജലനിരപ്പ് 38.88 മീറ്ററാണ്. ബുധനാഴ്ചയാണു ഷട്ടർ നാലും തുറന്നു വെള്ളം കുറ്റ്യാടിപ്പുഴയിലേക്കു ഒഴുക്കി തുടങ്ങിയത്. വെള്ളം 38.44 ആയി ഉയർന്നാൽ ജലം സ്പിൽവേയിലൂടെ പുഴയിലേക്കു ഒഴുക്കാൻ ഉദ്യോഗസ്ഥതലത്തിൽ തീരുമാനിച്ചിരുന്നു.
ഓരോ സ്പിൽവേയിലൂടെയും 50 സെന്റീമീറ്റർ ഘനത്തിലാണു വെള്ളം പുഴയിലേക്കു ഒഴുകിക്കൊണ്ടിരിക്കുന്നത്. 12.70 മീറ്റർ വീതിയാണു ഓരോ സ്പിൽവേക്കുമുള്ളത്. വെള്ളത്തിന്റെ വരവ് വർധിച്ചതിനാൽ ഷട്ടർ അടച്ചു സംഭരിക്കാനും സാധിക്കില്ല. 44.41 മീറ്റർ ആണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. അതേ സമയം 42.7 മീറ്ററിൽ കൂടുതൽ ജലം സംഭരിക്കുന്നതിനു കോടതി വിലക്കുണ്ട്. കൂടുതൽ വെള്ളം സംഭരിച്ചാൽ മുതുകാട് ഭാഗത്ത് വീടുകൾ വെള്ളത്തിൽ മുങ്ങുന്ന പ്രശ്നമുണ്ട്.