പെരുവണ്ണാമൂഴി: ഇരുളകറ്റാൻ ഒരു ബൾബെങ്കിലും സ്ഥാപിക്കണമെന്നു മുറവിളി ഉയർത്തിയവർക്കു ആശ്വാസം നൽകി കുറ്റ്യാടി ജലസേചന വകുപ്പിന്റെ കീഴിലുള്ള പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രം വൃഷ്ടി പ്രദേശത്തു സ്ഥാപിച്ച 173 വൈദ്യുതി വിളക്കുകൾ ഇന്ന് മുതൽ പ്രകാശിച്ചു തുടങ്ങും.വൈകീട്ട്
ആറിന് പെരുവണ്ണാമൂഴി ഡാം നവീകരണ പദ്ധതി ഉദ്ഘാടനം എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. മന്ത്രി ടി.പി രാമകൃഷ്ണൻ പുതിയ വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടിക്കാരും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധിയും ചക്കിട്ടപാറയിലെ സഹകരണ ബാങ്ക് പ്രസിഡന്റും ചടങ്ങിൽ പ്രസംഗിക്കും.
മൊത്തം 24 പേരെ വെച്ച് കാര്യപരിപാടി നോട്ടീസ് അടിച്ചിട്ടുണ്ട്. അതേ സമയം പദ്ധതി നടത്തിപ്പുകാരായ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഒറ്റ ഉദ്യോഗസ്ഥനും ചടങ്ങിൽ റോളില്ല. സാധാരണ നിലയിൽ സ്വാഗതം, റിപ്പോർട്ട്, നന്ദി എന്നീ ചുമതലകൾ നിർവഹിക്കുക പദ്ധതി വകുപ്പുദ്യോഗസ്ഥരാണ്.
കണ്ണൂരിലുള്ള ചീഫ് എഞ്ചിനീയർ, പേരാമ്പ്രയിലുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരുവണ്ണാമൂഴിയിലുള്ള അസി.എക്സി.എഞ്ചിനീയർ, എ.ഇ എന്നിവരെല്ലാം പ്രോഗ്രാം നോട്ടീസ് പ്രകാരം കാഴ്ചക്കാർ മാത്രമാണ്.
പരിപാടി സംഘടിപ്പിക്കുന്നത് ആരാണെന്നും നോട്ടീസിലില്ല. അതേ സമയം ചടങ്ങിനു മുന്നോടിയായി വേദിയിൽ നാടൻപാട്ട് അവതരിപ്പിക്കുന്നത് ആരാണെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.